കാവേരി പ്രക്ഷോഭതീരത്ത് തീവ്രതമിഴ് സംഘങ്ങൾക്ക് പുനർജീവനം
text_fieldsചെന്നൈ: കാവേരി ജലവിനിയോഗ ബോർഡ് രൂപവത്കരണം ആവശ്യപ്പെട്ട് തമിഴകത്ത് ശക്തിയാർജിച്ച പ്രക്ഷോഭത്തിെൻറ ചുവട് പിടിച്ച് തീവ്ര തമിഴ് ദേശീയവാദി സംഘങ്ങൾ പുനർജനിക്കുന്നു. ഡി.എം.കെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങളിൽ ഇത്തരം സംഘങ്ങൾ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇതിലൂടെ തീവ്ര തമിഴ്ദേശീയവാദം പരസ്യമായി ഉന്നയിക്കാനും ഒരു ഇടവേളക്ക്ശേഷം അവസരം വീണുകിട്ടിയിരിക്കുകയാണ്.
െഎ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾ ചെന്നൈക്ക് പുറത്തേക്ക് മാറ്റാൻ കാരണമായ കാവേരിപ്രക്ഷോഭങ്ങൾ വിജയിച്ചത് ഇവർക്ക് ഇരട്ടി ഉൗർജം പകർന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ് മറീനാ കടൽക്കരയിലെ ജെല്ലിക്കെട്ട് പ്രക്ഷോഭങ്ങൾ നിയന്ത്രിച്ചതിൽ ഇത്തരം സംഘങ്ങൾക്ക് പ്രധാന പങ്കുണ്ടായിരുന്നു. അക്കാലത്ത് മുഖ്യധാരയിൽ നിന്ന് പിന്തള്ളപ്പെട്ട പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ തിരിച്ചുവരാനുള്ള വേദിയായി കണ്ട കാവേരി പ്രക്ഷോഭത്തിെൻറ ഗുണഭോക്താക്കളും തീവ്ര സംഘങ്ങളാണ്.
പൻറുട്ടി വേൽമുരുകെൻറ തമിഴക വാഴുറമെയ് കക്ഷി, സംവിധായകൻ സീമാെൻറ നാം തമിഴർ കക്ഷി, തിരുമുരുകൻ ഗാന്ധിയുടെ േമയ് 17 മൂവ്മെൻറ് തുടങ്ങി ഡസനോളം സംഘങ്ങളിലേക്ക് വിദ്യാർഥികളും യുവാക്കളും ആകർഷിക്കപ്പെടുന്നുണ്ട്. വിവിധ ജനകീയ പ്രക്ഷോഭങ്ങളിൽ സാന്നിധ്യമായ സംവിധായകരായ തങ്കർ ബച്ചൻ, അമീർ, ഗൗതം തുടങ്ങിയവർ തങ്ങളുടെ ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ്. വേൽമുരുകനും സീമാനും ഒഴിച്ച് മറ്റുള്ളവർ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ അംഗീകരിക്കുന്നില്ല. തീവ്രതമിഴ് ദേശീയവാദത്തിെൻറ മുഖമായിരുന്ന വൈകോ, പി. നെടുമാരൻ തുടങ്ങിയവരെ പിന്തള്ളിയാണ് പുതിയ സംഘങ്ങളുടെ മുന്നേറ്റം.
13 വർഷത്തെ പിണക്കത്തിനുശേഷം വൈകോ മാതൃപ്രസ്ഥാനമായ ഡി.എം.കെയുമായി സഹകരിച്ച് പ്രക്ഷോഭങ്ങളിൽ പെങ്കടുത്തുവരുന്നു. ന്യൂനപക്ഷ ദലിത് അവകാശങ്ങൾക്ക്വേണ്ടി പ്രവർത്തിക്കുന്ന തോൾ തിരുമാളവെൻറ വിടുതലൈ ചിറുതൈകൾ കക്ഷിയും ജനാധിപത്യ പോരാട്ടങ്ങളിലാണ് ശ്രദ്ധിക്കുന്നത്. തീവ്ര ആശയക്കാർ പുതിയ തലമുറയിൽ ചെലുത്തുന്ന സ്വാധീനം സംസ്ഥാനരാഷ്ട്രീയത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ പ്രതിഫലിക്കുമെന്നാണ് ദ്രാവിഡ തമിഴർ പേരവയ് നേതാവ് ശുഭാ വീരപാണ്ഡ്യെൻറ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
