കാവേരി മാനേജ്മെൻറ് ബോർഡ്: തമിഴ്നാട്ടിൽ പ്രതിഷേധമിരമ്പുന്നു
text_fieldsകോയമ്പത്തൂർ: കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണ ആവശ്യമുന്നയിച്ച് തമിഴ്നാട്ടിൽ പ്രതിഷേധം തുടരുന്നു. ഡി.എം.കെ സഖ്യത്തിെൻറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രതിഷേധം അരങ്ങേറി. ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ മുഴുവൻ നഗരങ്ങളിലും റോഡ്-ട്രെയിൻ തടയൽ നടന്നു. ആയിരക്കണക്കിന് പ്രവർത്തകരാണ് അറസ്റ്റുവരിച്ചത്. ചെന്നൈയിൽ മാത്രം മുപ്പതിടങ്ങളിലാണ് റോഡ് തടയൽ സമരം നടത്തിയത്.
കോയമ്പത്തൂരിൽ സിംഗാനല്ലൂർ റെയിൽവേ സ്റ്റേഷനിൽ ഡി.എം.കെ ജില്ല സെക്രട്ടറിയും എം.എൽ.എയുമായ കാർത്തിക്കിെൻറ നേതൃത്വത്തിലാണ് ട്രെയിൻ തടഞ്ഞത്. ഇവെര അറസ്റ്റ് ചെയ്ത് നീക്കി. കോയമ്പത്തൂർ പീളമേട് ഭാഗത്ത് നടന്ന സമരത്തിനിടെ രണ്ടുേപർ ദേഹത്ത് തീകൊളുത്താൻ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു.
പെരിയാർ ദ്രാവിഡ കഴകം, മേയ് 17, പുതിയ തമിഴകം തുടങ്ങിയവയും വിദ്യാർഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങി. പലയിടങ്ങളിലും സമരക്കാരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. സേലം ഉളുന്തൂർപേട്ടയിൽ ടോൾ പ്ലാസ അടിച്ചുതകർത്ത കേസിൽ 15 വാഴ്വുരിമൈ കക്ഷി പ്രവർത്തകർ അറസ്റ്റിലായി. ഇൗറോഡിൽ പെരിയാർ ദ്രാവിഡ കഴകം പ്രവർത്തകർ ഹെഡ്പോസ്റ്റാഫിസിന് പൂട്ടിട്ടത് പരിഭ്രാന്തി പരത്തി. പൊലീസെത്തിയാണ് ജീവനക്കാരെ മോചിപ്പിച്ചത്. ചിലയിടങ്ങളിൽ മേയ് 17 പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
പ്രധാന കേന്ദ്ര സർക്കാർ ഒാഫിസുകൾക്കും സ്ഥാപനങ്ങൾക്കും പൊലീസ് കാവലേർപ്പെടുത്തി. ചൊവ്വാഴ്ച തമിഴ്നാട്ടിൽ അണ്ണാ ഡി.എം.കെയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടക്കും. സംയുക്ത വ്യാപാരി സമിതി കടയടപ്പു സമരവുമുണ്ടാകും. ഏപ്രിൽ അഞ്ചിന് ഡി.എം.കെ മുന്നണിയുടെ ആഭിമുഖ്യത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ബോർഡ് രൂപവത്കരണം യാഥാർഥ്യമാവുന്നതുവരെ പാർലമെൻറ് നടപടി തടസ്സപ്പെടുത്തി പ്രതിഷേധം തുടരുമെന്ന് അണ്ണാ ഡി.എം.കെ നേതാവും ലോക്സഭ െഡപ്യൂട്ടി സ്പീക്കറുമായ ഡോ. തമ്പിദുരെ അറിയിച്ചു. രാജ്യസഭാംഗത്വം രാജിവെക്കുമെന്നറിയിച്ച അണ്ണാ ഡി.എം.കെയിലെ മുത്തുകറുപ്പൻ തീരുമാനം പിന്നീട് മാറ്റി. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് ഗവർണർ ബൻവാരിലാൽ പുരോഹിത് ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ, ആഭ്യന്തര സെക്രട്ടറി നിരഞ്ജൻമാർഡി, ഡി.ജി.പി ടി.കെ. രാജേന്ദ്രൻ തുടങ്ങിയവരെ അടിയന്തരമായി വിളിപ്പിച്ച് ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
അതിനിടെ, ഹർത്താൽ പോലുള്ള സമരപരിപാടികൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി മധുര ഹൈകോടതി ബെഞ്ച് തിങ്കളാഴ്ച തള്ളി. കാവേരി മാനേജ്മെൻറ് ബോർഡ് രൂപവത്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനെതിരെ തമിഴ്നാട് സർക്കാർ സമർപ്പിച്ച കോടതിയലക്ഷ്യ കേസ് സുപ്രീം കോടതി ഏപ്രിൽ ഒമ്പതിലേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
