'ജനങ്ങൾക്ക് വേണ്ടി അപമാനം സഹിക്കാനും തയ്യാർ'; കാവേരി തർക്കത്തിൽ നിയമസഭയിൽ ഏറ്റുമുട്ടി വിജയ്‌യും ഉദയനിധി സ്റ്റാലിനും
text_fieldsചെന്നൈ: കാവേരി നദീജല തർക്കവും മേക്കെദാട്ടു അണക്കെട്ട് നിർമാണവും സംബന്ധിച്ച് തമിഴ്നാട് നിയമസഭയിൽ രൂക്ഷമായ ഭരണ-പ്രതിപക്ഷ വാക്പോര്. പ്രശ്നപരിഹാരത്തിനായി കർണാടകയുമായി നേരിട്ട് ചർച്ച നടത്താനുള്ള തീരുമാനത്തെ മുഖ്യമന്ത്രി വിജയ് ന്യായീകരിച്ചപ്പോൾ, സർവകക്ഷി യോഗം വിളിക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ ചോദിച്ചു. കാവേരി വിഷയത്തിൽ സംസ്ഥാനത്തിന്റെ അവകാശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
മേകേദാട്ടു വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം വിജയ് തള്ളി. കാവേരി വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും ഇതിൽ വിലകുറഞ്ഞ രാഷ്ട്രീയം കളിക്കാൻ താനില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "അയൽ സംസ്ഥാനവുമായുള്ള ചർച്ചകളിലൂടെ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കുമോ എന്നാണ് ഞാൻ നോക്കിയത്. അതിന്റെ പേരിൽ അപമാനം നേരിടേണ്ടി വന്നാൽ പോലും തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി അത് സഹിക്കാൻ ഞാൻ തയ്യാറാണ്," മുഖ്യമന്ത്രി പറഞ്ഞു.
കാവേരി നദീജല വിഷയത്തിൽ സംസ്ഥാനത്തിന്‍റെ നിയമപരമായ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും, ചരിത്രം പറഞ്ഞ് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മേക്കെദാട്ടു പദ്ധതിക്ക് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് സർക്കാർ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും കാവേരി ട്രിബ്യൂണലിന്റെ അന്തിമ വിധിയും നിയമപരമായ വ്യവസ്ഥകളും ഇതിൽ വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും വിജയ് സഭയെ ഓർമ്മിപ്പിച്ചു.
കർണാടക സർക്കാർ സർവകക്ഷി യോഗം വിളിച്ചപ്പോൾ എന്തുകൊണ്ടാണ് തമിഴ്നാട് സർക്കാർ അതിന് തയ്യാറാകാത്തതെന്ന് ഉദയനിധി സ്റ്റാലിൻ ചോദിച്ചു. മേക്കെദാട്ടു അണക്കെട്ട് നിർമ്മാണത്തിനെതിരെ തമിഴ്‌നാട് ഒറ്റക്കെട്ടാണെന്ന് തെളിയിക്കാൻ സർവകക്ഷി യോഗം അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ കർണാടക സന്ദർശനത്തെക്കുറിച്ച് മന്ത്രിമാർ വ്യത്യസ്ത അഭിപ്രായങ്ങൾ പറയുന്നതിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി കർണാടക സന്ദർശിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്നും ഉദയനിധി സഭയിൽ ആവശ്യപ്പെട്ടു.
കാവേരി വിഷയത്തിന് പുറമെ, സർക്കാരിന്റെ പ്രത്യേക പാക്കേജുകൾ, തെരഞ്ഞെടുപ്പ് വാഗ്ദാനമായ കർഷക കടാശ്വാസം തുടങ്ങിയ വിഷയങ്ങളിലും ഇരുവരും തമ്മിൽ സഭയിൽ രൂക്ഷമായ വാഗ്വാദം നടന്നു. സർക്കാർ നൽകുന്ന പ്രത്യേക പാക്കേജുകളെക്കുറിച്ച് പ്രതിപക്ഷത്തിന് അറിവില്ലാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും പത്രങ്ങൾ വായിച്ചിരുന്നെങ്കിൽ ഇതെല്ലാം അറിയാമായിരുന്നുവെന്നും വിജയ് പരിഹസിച്ചു.
എന്നാൽ 134 കോടിയുടെ പ്രത്യേക പാക്കേജിന്റെയും വരൾച്ചാ ദുരിതാശ്വാസ ഫണ്ടിന്റെയും വിവരങ്ങൾ സർക്കാർ പുറത്തുവിടണമെന്നും, ഇതിന് പത്രം വായിക്കേണ്ട കാര്യമില്ലെന്നും ഉദയനിധി തിരിച്ചടിച്ചു. കർഷക കടാശ്വാസം നടപ്പിലാക്കാൻ സർക്കാരിന് കൂടുതൽ സമയം ആവശ്യമുണ്ടെങ്കിൽ അത് എത്രയാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

