കശാപ്പ് നിരോധന വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ
text_fieldsന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്പന നടത്തുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ മേയ് 23ന് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് രാജ്യവ്യാപക സ്റ്റേ അനുവദിച്ച് സുപ്രീംകോടതി. വിജ്ഞാപനത്തിനെതിരെ വ്യാപകമായി പരാതിയുയര്‍ന്ന പശ്ചാത്തലത്തില്‍ ആഗസ്റ്റ് അവസാനത്തോടെ ഭേദഗതി വരുത്തി പുതിയ വിജ്ഞാപനം കൊണ്ടുവരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതിനെതുടര്‍ന്നാണ് മദ്രാസ് ഹൈകോടതി നേരത്തേ ഏര്‍പ്പെടുത്തിയ സ്റ്റേ രാജ്യമൊട്ടുക്കും ബാധകമാക്കിയത്.
കന്നുകാലി വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ കേരള ഹൈകോടതിയുടെ നിലപാട് ദുര്‍ബലപ്പെടുത്തുന്നതാണ് സുപ്രീംകോടതി ഉത്തരവ്. കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലെ ഹൈകോടതികള്‍ മദ്രാസ് ഹൈകോടതിയുടെ സ്റ്റേക്ക് വിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് വഴിയുണ്ടാകുന്ന ആശയക്കുഴപ്പം ഒഴിവാക്കാനാണ് സ്റ്റേ രാജ്യവ്യാപകമാക്കാൻ ഹരജിക്കാരായ ഒാള് ഇന്ത്യ ജംഇയ്യത്ത് ഖുറൈശി ആക്ഷന്‍ കമ്മിറ്റി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്.
മദ്രാസ് ഹൈകോടതിയുടെ സ്റ്റേ തമിഴ്നാടിന് മാത്രം ബാധകമാണെന്ന വാദം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകൻ കപില്‍ സിബല്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് സ്റ്റേ രാജ്യവ്യാപകമാക്കാന്‍ സുപ്രീംകോടതി സമ്മതിച്ചത്. ചൊവ്വാഴ്ച കേസ് പരിഗണിച്ചപ്പോൾ, വിജ്ഞാപനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബന്ധപ്പെട്ട കക്ഷികളില്‍ നിന്നും വ്യാപക പരാതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ പി.എസ്. നരസിംഹ ബോധിപ്പിച്ചു.
ഈ പരാതികള്‍ മുഖവിലക്കെടുത്ത കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മാറ്റംവരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മാറ്റങ്ങള്‍ എന്താണെന്നത് കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിെൻറ സെക്രട്ടറിയുടെ പരിഗണനയിലാണ്. പുതിയ വിജ്ഞാപനമിറക്കി നടപ്പാക്കാന്‍ മൂന്നുമാസമെങ്കിലുമെടുക്കും. ഇറക്കിയ വിജ്ഞാപനമനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലും കാലിച്ചന്തകളുണ്ടാക്കാന്തന്നെ മൂന്നുമാസമെടുക്കും. ചന്തകള്‍ക്കുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ വിജ്ഞാപനമിറക്കേണ്ടതുണ്ട്.
സംസ്ഥാനത്തിെൻറ അധികാര പരിധിയിലുള്ളതാണ് അക്കാര്യമെന്നും അതുവരെ ഏതായാലും വിജ്ഞാപനം നടപ്പാകുകയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു.
വിജ്ഞാപനം നടപ്പാക്കാത്ത സാഹചര്യത്തില്‍ ഹരജിക്ക് പ്രസക്തിയില്ലെന്നും പുതിയ വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ ശേഷം ഹരജിക്കാര്‍ക്ക് പരാതിയുണ്ടെങ്കില്‍ പുതിയ ഹരജിയുമായി സുപ്രീംകോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ പറഞ്ഞു.
അതിനാല്‍ ഹരജി തീര്‍പ്പാക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോള്‍, അതുവരെ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് കപില്‍ സിബലും കക്ഷി ചേരാന്‍ വന്ന സല്മാന് ഖുര്‍ശിദും ആവശ്യപ്പെട്ടു. എന്നാല്‍ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് േമയ് 30ന് കേന്ദ്ര ഉത്തരവ് സ്റ്റേചെയ്തത് തങ്ങള്‍ റദ്ദാക്കിയിട്ടില്ലെന്നും ആ സ്റ്റേ നിലനില്‍ക്കുമല്ലോ എന്നും അത് രാജ്യമൊട്ടുക്കും ബാധകമാണല്ലോ എന്നും ചീഫ് ജസ്റ്റിസ് ഖേഹാര്‍ ചൂണ്ടിക്കാട്ടി.
വിജ്ഞാപനവിഷയത്തിൽ വിവിധ ഹൈകോടതികളില്‍ കേസുള്ളതിനാല്‍ സ്റ്റേക്ക് വിരുദ്ധമായ വിധി വരുമെന്നും അത് ആശയക്കുഴപ്പത്തിന് കാരണമാകുമെന്നും സ്റ്റേ രാജ്യവ്യാപകമാണെന്ന് സുപ്രീംകോടതിതന്നെ രേഖാമൂലം വ്യക്തമാക്കണമെന്നും സിബല്‍ ബോധിപ്പിച്ചു. ഈ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
