കശാപ്പ് നിയന്ത്രണം: സ്റ്റേ ദീർഘിപ്പിക്കില്ലെന്ന് മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: കന്നുകാലി കശാപ്പിനും വിൽപനക്കും നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിനെതിരായ സ്റ്റേ ദീർഘിപ്പിക്കാൻ മദ്രാസ് ഹൈകോടതി മധുര ബെഞ്ച് വിസമ്മതിച്ചു. ഇതോടെ വിവാദ ഉത്തരവ് തമിഴ്നാട്ടിലും പ്രാബല്യത്തിലായി. കേന്ദ്രസർക്കാർ ഉത്തരവിനെതിരായ പൊതുതാൽപര്യ ഹരജി പരിഗണിച്ച് മേയ് 30നാണ് കോടതി സ്റ്റേ അനുവദിച്ചത്. കഴിഞ്ഞദിവസം വീണ്ടും പരിഗണനക്ക് വന്നപ്പോൾ സ്റ്റേ ദീർഘിപ്പിക്കാൻ വിസമ്മതിച്ച കോടതി, ഹരജി മറ്റൊരു ഡിവിഷൻ ബെഞ്ചിലേക്ക് മാറ്റുകയായിരുന്നു.
ജസ്റ്റിസുമാരായ കെ.കെ. ശശിധരൻ, ജി.ആർ. സ്വാമിനാഥൻ എന്നിവരുൾപ്പെട്ട ബെഞ്ച് മുമ്പാകെയാണു കേസ് പരിഗണനക്ക് വന്നത്. എന്നാൽ, അസിസ്റ്റൻറ് സോളിസിറ്റർ ജനറലായിരിക്കെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ കേന്ദ്രസർക്കാറിനുവേണ്ടി കേസിൽ ഹാജരായത് ചൂണ്ടിക്കാട്ടിയാണ് ഹരജി മറ്റൊരു ബെഞ്ചിലേക്കുമാറ്റാൻ നിർദേശിച്ചത്. കേന്ദ്രസർക്കാർ വിജ്ഞാപനം നിശ്ചിത കാലത്തേക്കാണ് സ്റ്റേ ചെയ്തിരുന്നത്. ഇത് ഒരുതവണ നീട്ടുകയും ചെയ്തു. മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കുന്നതുവരെ സ്റ്റേ കാലയളവ് ദീർഘിപ്പിക്കണമെന്ന് കഴിഞ്ഞദിവസം വാദിഭാഗം അഭ്യർഥിച്ചെങ്കിലും ജസ്റ്റിസ് സ്വാമിനാഥൻ മുമ്പ് കേസിെൻറ ഭാഗമായതിനാൽ തീരുമാനം അനൗചിത്യമാണെന്ന് ജസ്റ്റിസ് ശശിധരൻ വ്യക്തമാക്കി.
വിവാദഉത്തരവ് മേയ് 30ന് എം.വി. മുരളീധരൻ, സി.വി. കാർത്തികേയൻ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്നാട്ടിലും പുതുച്ചേരിയിലും നാല് ആഴ്ചത്തേക്ക് സ്റ്റേ ചെയ്തത്. തുടർന്ന് ജസ്റ്റിസുമാരായ എ. സെൽവം, എൻ. ആദിനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ജൂലൈ ആറുവരെ നീട്ടി. സത്യവാങ്മൂലം നൽകാൻ കേന്ദ്രസർക്കാർ അഭിഭാഷകൻ കൂടുതൽസമയം അന്ന് ആവശ്യപ്പെട്ടിരുന്നു. വിജ്ഞാപനത്തിനെതിരെ സുപ്രീംകോടതിയിലും പൊതുതാൽപര്യഹരജികൾ ഫയൽ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
