വഖഫ് ബില്ലിൽ കത്തോലിക്കാ ബിഷപ്പുമാർ ബി.ജെ.പിക്കൊപ്പം
text_fieldsന്യൂഡൽഹി: കേരളത്തിലെ കത്തോലിക്ക ബിഷപ്പുമാരുടെ വേദിയായ കെ.സി.ബി.സിക്ക് പിന്നാലെ മലയാളിയായ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായ ദേശീയതലത്തിലുള്ള സി.ബി.സി.ഐയും വഖഫ് ബില്ലിൽ പരസ്യമായി ബി.ജെ.പിക്കൊപ്പം ചേർന്നതോടെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാർ രംഗത്തുവന്നു.
കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമൻ, കിരൺ റിജിജു, ജോർജ് കുര്യൻ എന്നിവർ സി.ബി.സി.ഐയുടെ പ്രസ്താവന മോദി സർക്കാറിന്റെ വഖഫ് നിലപാടിനുള്ള അംഗീകാരമായി വിലയിരുത്തി. ക്രിസ്ത്യൻ എം.പിമാർക്കായി ന്യൂഡൽഹിയിൽ കത്തോലിക്കാ സഭ ഒരുക്കിയ പുതുവത്സര അത്താഴത്തിൽ ബി.ജെ.പി ബാന്ധവത്തിൽ എം.പിമാർ നടത്തിയ രൂക്ഷ വിമർശനത്തെ ഓർമിപ്പിക്കുന്നതരത്തിൽ പ്രതിപക്ഷ എം.പിമാർ ബിഷപ്പുമാർക്കെതിരെ രോഷം പ്രകടിപ്പിച്ചു തുടങ്ങി.
ബി.ജെ.പി അജണ്ടയായ വഖഫ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന പ്രതിപക്ഷ അഭിപ്രായം തള്ളിയ സി.ബി.സി.ഐ നിലവിലുള്ള വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമാണെന്ന് ഞായറാഴ്ചത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലുള്ള നിയമത്തിൽ ഏതൊക്കെ വ്യവസ്ഥകളാണ് ഭരണഘടനാ വിരുദ്ധമെന്ന് ചോദിച്ചപ്പോൾ അത് തനിക്കറിയില്ലെന്ന് വാർത്താ കുറിപ്പിറക്കിയ സി.ബി.സി.ഐ പി.ആർ.ഒ റോബിൻസൺ റോഡ്റിഗ്സ് ‘മാധ്യമ’ത്തോടു പറഞ്ഞു.
കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വഖഫ് ബില്ലിലെ ഏതൊക്കെ വ്യവസ്ഥകളാണ് ക്രിസ്ത്യൻ സമുദായ താൽപര്യത്തിന് അനുസൃതമായതെന്ന് ചോദിച്ചപ്പോൾ അതും തനിക്കറിയില്ലെന്നും കേരളത്തിലെ പുരോഹിതനോട് ചോദിക്കുകയാണ് നല്ലതെന്നും പി.ആർ.ഒ റോബിൻസൺ മറുപടി നൽകി.
കത്തോലിക്കാ ബിഷപ്പുമാർ വഖഫ് ബില്ലിനുവേണ്ടി ശബ്ദിക്കുന്നത് കേരളത്തിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടക്ക് അനുസൃതമായ നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമാണെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷ എം.പിമാർ. കത്തോലിക്കാ ബിഷപ്പുമാർ പറയുന്നത് പ്രകാരമല്ല എം.പിമാർ വഖഫ് ബില്ലിൽ വോട്ടുചെയ്യുകയെന്ന് കേരളത്തിൽനിന്നുള്ള സി.പി.ഐ രാജ്യസഭാ നേതാവ് എ. സന്തോഷ് കുമാർ ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് മുമ്പാകെ തുറന്നടിച്ചു.
തിരിച്ചുകൊണ്ടുവരാനാകാത്ത അപകടത്തിലേക്കാണ് വഖഫ് ബില്ലിന്റെ കാര്യത്തിൽ കത്തോലിക്കാ ബിഷപ്പുമാർ കേരളത്തെ നയിക്കുന്നതെന്ന് അവരോട് തന്നെ നേരിൽ പറഞ്ഞതായി തെക്കൻ കേരളത്തിലെ പ്രമുഖ യു.ഡി.എഫ് എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

