ലൈംഗികാതിക്രമ കേസിന് വർഗീയ നിറം; രാജസ്ഥാനിലെ മുസ്ലിം കുടുംബങ്ങൾ ഭീതിയിൽ
text_fieldsന്യൂഡൽഹി: രാജസ്ഥാനിലെ ബിജയ് നഗറിൽ മുസ്ലിം യുവാക്കൾ പ്രതികളായ ബ്ലാക്ക്മെയിൽ, ലൈംഗിക ചൂഷണ കേസ് ഉപയോഗിച്ച് വർഗീയവികാരം ഇളക്കിവിട്ട് ഹിന്ദുത്വ ശക്തികൾ. ബി.ജെ.പി, സംഘ്പരിവാർ നേതാക്കൾ ഹിന്ദുക്കളോട് തെരുവിലിറങ്ങാൻ ആഹ്വാനം നൽകി.
ബിവാർ, അജ്മീർ, ഭിൽവാര ജില്ലകളിലെ വിവിധ പട്ടണങ്ങളിൽ നടത്തിയ പ്രതിഷേധ പ്രകടനങ്ങളിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കി. ശനിയാഴ്ച അജ്മീറിൽ വൻ റാലി സംഘടിപ്പിക്കുന്നുണ്ട്. കേസുമായി ബന്ധമില്ലാത്തവരുടെ അടക്കം വീടുകളിൽ കയറി ഭീഷണി മുഴക്കുന്നു. ഇതിന് പുറമെ ബുൾഡോസർ രാജിന്റെ ഭീഷണിയും നിലനിൽക്കുന്നു. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നിരവധി വീടുകളും മസ്ജിദും ഖബർസ്ഥാനും പൊളിക്കാൻ നോട്ടിസ് നൽകി. ഖബർസ്ഥാന്റെ ഗേറ്റും വീടുകളോടനുബന്ധിച്ച നിർമിതികളും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. 50 വർഷം പഴക്കമുള്ള വീടുകൾവരെ പൊളിക്കാൻ നോട്ടിസ് നൽകിയിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കിയപ്പോൾ അഭിഭാഷകർ ക്രൂരമായി മർദിച്ചു. അഞ്ച് പെൺകുട്ടികളുടെ കുടുംബാംഗങ്ങളിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത മൂന്നുപേർ ഉൾപ്പെടെ 11 പേരാണ് ഇതുവരെ അറസ്റ്റിലായത്.
സമൂഹമാധ്യമം വഴി പരിചയപ്പെടുകയും ചൈനീസ് ഫോൺ നൽകി ബന്ധം സ്ഥാപിച്ച് ബ്ലാക്ക്മെയിൽ ചെയ്യുകയും ലൈംഗികമായി ചൂഷണംചെയ്യുകയും ചെയ്തതായാണ് പരാതി. പ്രതികളുടെ ഫോണിൽ ഇതുവരെ പെൺകുട്ടികളുടെ ഫോട്ടോകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. പെൺകുട്ടികളുടെ മെഡിക്കൽ റിപ്പോർട്ട് പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. ന്യായമായി അന്വേഷണവും വിചാരണയും നടത്തി കുറ്റവാളികൾക്ക് നിയമാനുസൃത ശിക്ഷ ഉറപ്പാക്കുന്നതിന് തങ്ങൾ എതിരല്ലെന്ന് മുസ്ലിം കൂട്ടായ്മകൾ പറയുന്നു.
വിഷയത്തെ വർഗീയവത്കരിച്ച് വേട്ടക്കും കലാപത്തിനും ശ്രമിക്കുന്നതിലാണ് എതിർപ്പ്. കേസിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് പൗരാവകാശ സംഘടനകൾ രംഗത്തെത്തി. ബുൾഡോസർ രാജിനെതിരായ സുപ്രീംകോടതി മാർഗനിർദേശം പാലിക്കണമെന്നും ഭരണകൂടം തന്നെ വർഗീയവത്കരണം നടത്തരുതെന്നും പീപ്പിൾസ് യൂനിയൻ ഫോർ സിവിൽ ലിബർട്ടീസ് (പി.യു.സി.എൽ) രാജസ്ഥാൻ പ്രസിഡന്റ് ഭൻവർ മേഘ്വാൻഷി ആവശ്യപ്പെട്ടു. സംഭവത്തെ മൊത്തം മുസ്ലിം സമുദായവുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് രാജസ്ഥാൻ ഘടനം പ്രസിഡന്റ് മുഹമ്മദ് നസിമുദ്ദീൻ അപലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

