ഒരു വോട്ടിന് രണ്ടായിരും രൂപ; അണ്ണാ ഡി.എം.കെ സ്ഥാനാർഥിയുടെ വിഡിയോ വൈറൽ
text_fieldsചെന്നൈ: തമിഴ്നാട്ടിൽ വോട്ടർമാർക്ക് പണം വിതരണം ചെയ്ത് അണ്ണാ ഡി.എം.കെ സ്ഥാനാർഥി. ദിണ്ടിഗലിലെ സ്ഥാനാർഥിയായ എൻ.ആർ വിശ്വനാഥനാണ് വോട്ടർമാർക്ക് പണം വിതരണം ചെയ്ത് വിവാദത്തിലായത്. ഇതിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ ഡി.എം.കെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
പ്രചാരണ പരിപാടിക്കിടെ റോഡരികിൽ നിൽക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ വച്ചിരിക്കുന്ന പ്ലേറ്റിൽ ഒരാൾ പണം ഇട്ട് നൽകുന്നതായി വിഡിയോയിൽ കാണാം. മറ്റൊരാൾക്ക് സ്ഥാനാർഥി തന്നെ നേരിട്ട് പണം നൽകുന്നതും വിഡിയോയിൽ കാണാം.
2000 രൂപ വീതമാണ് ഓരോരുത്തർക്കും നൽകിയത്. അതേസമയം, വോട്ടിനു വേണ്ടി പണം നൽകിയതല്ല, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ധനസഹായം നൽകിയതാണെന്നാണ് അണ്ണാ ഡി.എം.കെയുടെ വിശദീകരണം. തങ്ങളുടെ സ്ഥാനാർഥിക്ക് ലഭിക്കുന്ന ജനപിന്തുണയിൽ അസ്വസ്ഥരായി ഡി.എം.കെ പരാതി നൽകിയതാണെന്നും എ.ഐ.ഡി.എം.കെ വൃത്തങ്ങൾ ആരോപിച്ചു.
എന്നാൽ ഭരണത്തിലിരുന്നുകൊണ്ട് എ.ഐ.ഡി.എം.കെ നടത്തിയ അഴിമതിപ്പണമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നതാണെന്നാണ് ഡി.എം.കെയുടെ ആരോപണം.

