തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍ക്കെതിരെ അപകീർത്തികരമായ പരാമർശം; മൂന്ന് ഡി.എം.കെ നേതാക്കൾക്കെതിരെ കേസെടുത്തു
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍ക്കും മന്ത്രി സി.ടി.ആർ നിർമ്മൽ കുമാറിനുമെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിൽ പ്രമുഖ ഡി.എം.കെ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. മുൻ കേന്ദ്രമന്ത്രിയും ഡി.എം.കെ ഉപജനറൽ സെക്രട്ടറിയുമായ എ. രാജ, മുൻ സംസ്ഥാന മന്ത്രി പി.കെ. ശേഖർ ബാബു, എം.എൽ.എ വസന്തം കാർത്തികേയൻ എന്നിവർക്കെതിരെയാണ് തമിഴ്നാട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ സെപ്റ്റംബർ 12-ന് ഡി.എം.കെ സംഘടിപ്പിച്ച സംസ്ഥാനവ്യാപക പ്രതിഷേധ പ്രകടനത്തിനിടയിലാണ് ഇവർ വിവാദ പരാമർശങ്ങൾ നടത്തിയത്. ഈ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു. സമാധാനാന്തരീക്ഷം തകർക്കൽ, ജനങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, ഭീഷണിപ്പെടുത്തൽ, പൊതുശല്യം ഉണ്ടാക്കൽ തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് നേതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ കേസിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നാണ് എ. രാജയുടെ പ്രതികരണം.
അതേസമയം പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് പ്രതികാര രാഷ്ട്രീയമാണ് ഭരണകക്ഷിയായ സർക്കാർ നടത്തുന്നതെന്ന് ഡി.എം.കെ വക്താവ് ടി.കെ.എസ് ഇളങ്കോവൻ ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന കുറ്റകൃത്യങ്ങളും കസ്റ്റഡി മരണങ്ങളും സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സർക്കാരിന് കഴിയുന്നില്ലെന്നും പകരം ഡി.എം.കെ നേതാക്കൾക്കെതിരെ കള്ളക്കേസുകൾ എടുത്ത് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഷ്ട്രീയ വിമർശനങ്ങളെ അടിച്ചമർത്താനല്ല മറിച്ച് ജാതീയവും രാഷ്ട്രീയവുമായ ചോദ്യങ്ങൾക്ക് മറുപടി നൽകാനാണ് ഭരണകൂടം തയാറാകേണ്ടതെന്ന ആവശ്യമാണ് ഇതിലൂടെ ഉയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

