ബംഗാളിൽ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് സി.ബി.ഐക്ക്
text_fieldsകൊൽക്കത്ത: ജനുവരി അഞ്ചിന് സന്ദേശ്ഖാലിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ അന്വേഷണം പശ്ചിമ ബംഗാൾ പൊലീസിൽനിന്ന് സി.ബി.ഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈകോടതി ഉത്തരവിട്ടു. ആക്രമണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 29ന് പൊലീസ് അറസ്റ്റ് ചെയ്ത തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിനെ സി.ബി.ഐ കസ്റ്റഡിയിൽ വിടാനും കോടതി നിർദേശിച്ചു. ചൊവ്വാഴ്ച വൈകീട്ട് 4.30നകം നിർദേശങ്ങൾ പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ഉത്തരവിട്ടു.
ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ആൾക്കൂട്ട ആക്രമണം അന്വേഷിക്കാൻ സി.ബി.ഐയുടെയും സംസ്ഥാന പൊലീസിന്റെയും സംയുക്ത പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപവത്കരിക്കാൻ ജനുവരി 17ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് ഇ.ഡിയും പശ്ചിമ ബംഗാൾ സർക്കാറും വെവ്വേറെ അപ്പീലുകൾ നൽകി. അന്വേഷണം സി.ബി.ഐക്ക് മാത്രം കൈമാറണമെന്ന് ഇ.ഡി ആവശ്യപ്പെട്ടപ്പോൾ, സംസ്ഥാന പൊലീസിന് മാത്രം അന്വേഷണ ചുമതല നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.
അതേസമയം, ഹൈകോടതി ഉത്തരവിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ അഭിഷേക് സിങ്വി ആവശ്യപ്പെട്ടെങ്കിലും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. രജിസ്ട്രാർ ജനറലിന് മുമ്പാകെ കേസ് പരാമർശിക്കാൻ കോടതി നിർദേശം നൽകി. കോടതി വിധിക്ക് പിന്നാലെ, സി.ബി.ഐ ഉദ്യോഗസ്ഥർ പൊലീസിൽനിന്ന് അന്വേഷണം ഏറ്റെടുത്തു. അർധസൈനികരുടെ അകമ്പടിയോടെ സി.ഐ.ഡി ഓഫീസിലെത്തിയ ഉദ്യോഗസ്ഥർ ഷാജഹാൻ ഷെയ്ഖിനെയും കസ്റ്റഡിയിലെടുത്തു.
അതിനിടെ, ഷാജഹാൻ ഷെയ്ഖിെന്റ 12.78 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

