നിയമവിരുദ്ധ മതപരിവർത്തനം നടത്തിയെന്നാരോപിച്ച് രാജസ്ഥാനിൽ രണ്ട് ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ കേസ്
text_fieldsജയ്പൂർ: സംസ്ഥാനത്ത് അടുത്തിടെ നടപ്പിലാക്കിയ രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം രണ്ട് ക്രിസ്ത്യൻ മിഷനറിമാർക്കെതിരെ മതപരിവർത്തന കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്.
വിശ്വഹിന്ദു പരിഷത്തും ബജ്രംഗ്ദൾ ഉദ്യോഗസ്ഥരും സമർപ്പിച്ച പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി നിവാസിയായ ചാണ്ടി വർഗീസിനെയും കോട്ട നിവാസിയായ അരുൺ ജോണിനെയും കസ്റ്റഡിയിലെടുത്തതായി കോട്ടയിലെ ബോർഖേഡ പൊലീസ് സ്റ്റേഷൻ ഓഫിസർ ദേവേഷ് ഭരദ്വാജ് പറഞ്ഞു.
നവംബർ 4നും 6നും ഇടയിൽ കനാൽ റോഡിലെ ബീർഷെബ പള്ളിയിലേക്ക് ആത്മീയ പ്രഭാഷണത്തിന്റെ മറവിൽ ആളുകളെ ക്ഷണിച്ചു വരുത്തി മതം മാറ്റിയതായി രണ്ട് പ്രതികൾക്കെതിരെ പൊലീസിന് പരാതി ലഭിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് ചില വിഡിയോകളും മറ്റ് വസ്തുതകളും അവതരിപ്പിച്ചുവെന്നും പരിപാടി സോഷ്യൽ മീഡിയയിൽ തത്സമയം സംപ്രേഷണം ചെയ്തുവെന്നുമാണ് പൊലീസിന്റെ വാദം.
മതവികാരം വ്രണപ്പെടുത്തിയതിന് ബി.എൻ.എസിന്റെ സെക്ഷൻ 299 പ്രകാരവും 2025 ലെ രാജസ്ഥാൻ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3, 5 പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതപരിവർത്തനത്തിനെതിരെ സംസ്ഥാന സർക്കാർ 2025 ഒക്ടോബർ 29ന് പുതിയ നിയമം വിജ്ഞാപനം ചെയ്തിരുന്നു. ഇത് മതപരിവർത്തനം ജാമ്യമില്ലാ കുറ്റമായി കണ്ട് കഠിനമായ ശിക്ഷകൾ നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

