ചീഫ് ജസ്റ്റിസിനെതിരെ സമൂഹ മാധ്യമത്തിൽ ജാതി അധിക്ഷേപം നടത്തിയവർക്കെതിരെ കേസ്
text_fieldsചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്
ന്യൂഡൽഹി: സനാതന ധര്മത്തെ അപമാനിക്കുന്നുവെന്ന് ആരോപിച്ച് ഷൂ ഏറ് നേരിട്ട സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്ക് നേരെ സമൂഹ മാധ്യമത്തിൽ ജാതി അധിക്ഷേപം നടത്തിയതിൽ പൊലീസ് കേസെടുത്തു. വിവിധ സംസ്ഥാനങ്ങളിലാണ് ഇതുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്തത്.
അതേസമയം, ജസ്റ്റിസ് ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകൻ രാകേഷ് കിഷോറിന്റെ പേരിൽ ബംഗളൂരുവിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു അഭിഭാഷകന്റെ പരാതിയിലാണ് കേസ്. സംഭവം നടന്നത് ന്യൂഡൽഹിയിലായതിനാൽ ന്യൂഡൽഹി പൊലീസിന് കൈമാറുമെന്ന് വിധാൻസൗധ പൊലീസ് അറിയിച്ചു.
അതിനിടെ, ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്കെതിരെ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകന്റെ സുപ്രീംകോടതിയിലെ പ്രാക്ടീസ് വിലക്കി. സുപ്രീംകോടതി ബാർ അസോസിയേഷന്റേതാണ് തീരുമാനം. അടിയന്തരമായി അഭിഭാഷകൻ രാകേഷ് കിഷോറിന്റെ മെമ്പർഷിപ്പ് റദ്ദാക്കുകയാണെന്ന് ബാർ അസോസിയേഷൻ അറിയിച്ചു. നേരത്തെ, അഭിഭാഷകനെ ബാർ കൗൺസിൽ സസ്പെൻഡ് ചെയ്തിരുന്നു.
മധ്യപ്രദേശിൽ ഖജുരാഹോയിലെ ക്ഷേത്രത്തിൽ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ മുമ്പ് ചീഫ് ജസ്റ്റിസ് 'അത് ദൈവത്തോട് പോയി പറയൂ' എന്ന് അഭിപ്രായപ്പെട്ടതാണ് പ്രകോപനമെന്ന് വ്യക്തമാക്കിയ പ്രതി രാകേഷ് കിഷോർ തനിക്ക് ഖേദമില്ലെന്നും പ്രത്യാഘാതം നേരിടുമെന്നും പറഞ്ഞിരുന്നു.
ചീഫ് ജസ്റ്റിസ് ദലിതനാണെന്ന വസ്തുത മുതലെടുക്കുന്നുവെന്നും ഹിന്ദു വിശ്വാസം ഉപേക്ഷിച്ച് ബുദ്ധമതത്തിൽ ചേർന്ന ജസ്റ്റിസ് ഗവായി ദലിതനാണെന്ന് പറയാൻ കഴിയില്ലെന്നും രാകേഷ് കിഷോർ പറഞ്ഞു. ഈ വാദങ്ങളിൽ ഊന്നിയാണ് സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളും. അതിനിടെ ജസ്റ്റിസ് ഗവായിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് വിവിധ സംസ്ഥാനങ്ങളിലെ ബാർ അസോസിയേഷനുകൾ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

