ബംഗളൂരു ദുരന്തം: ആർ.സി.ബിക്കും കർണാടക ക്രിക്കറ്റ് അസോസിയേഷനുമെതിരെ കേസ്
text_fieldsദുരന്തം നടന്ന ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഏഴാംനമ്പർ ഗേറ്റിനു പുറത്ത് ചെരിപ്പുകൾ ചിതറിക്കിടക്കുന്നനിലയിൽ
ബംഗളൂരു: ബുധനാഴ്ച വൈകിട്ട് 11 പേരുടെ മരണത്തിന് ഇടയായ സംഭവത്തിൽ ഐ.പി.എൽ ടീമായ ആർ.സി.ബി, പരിപാടി സംഘടിപ്പിച്ച കർണാടക ക്രിക്കറ്റ് അസോസിയേഷൻ, വിക്ടറി പരേഡ് കൈകാര്യം ചെയ്ത ഡി.എൻ.എ എന്റർടെയിൻമെന്റ് എന്നിവക്കെതിരെ ബംഗളൂരു പൊലീസ് സ്വമേധയാ കേസെടുത്തു. മനഃപൂർവമുള്ള നരഹത്യക്കുള്ള ബി.എൻ.എസ് 105-ാം വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് കേസെടുത്തത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റിന് (സി.ഐ.ഡി) കേസ് കൈമാറണോ എന്ന കാര്യം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കും.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ജില്ലാ മജിസ്ട്രേറ്റ് ജി. ജഗദീശയെ കർണാടക സർക്കാർ നിയോഗിച്ചിരുന്നു. സംഭവത്തേക്കുറിച്ച് വിശദീകരണം തേടി കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ബംഗളൂരു മെട്രോ, ആർ.സി.ബി ഫ്രാഞ്ചൈസി എന്നിവക്ക് നോട്ടീസയച്ചതായി മജിസ്ട്രേറ്റ് ഇന്ന് പ്രതികരിച്ചിരുന്നു. ജനക്കൂട്ടമെത്തിയ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഗേറ്റുകൾ അദ്ദേഹം പരിശോധിച്ചു. സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുരക്ഷക്കായി നിയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും മൊഴി നൽകാൻ ഈമാസം 13ന് അവസരമൊരുക്കും. 15 ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദേശം.
വിജയാഘോഷത്തിനായി താരങ്ങളെ സർക്കാർ ക്ഷണിച്ചിരുന്നില്ലെന്ന് കർണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് അസോസിയേഷനോ ആർ.സി.ബിയോ ആയി യാതൊരുവിധ ആശയവിനിമയവും സർക്കാർ നടത്തിയിട്ടില്ല. പരിപാടി അവർതന്നെ സംഘടിപ്പിച്ചതാണ്. ബംഗളൂരു ടീം ആയതിനാൽ താരങ്ങളെ അനുമോദിക്കണമെന്ന താൽപര്യമുണ്ടായിരുന്നു. അതുകൊണ്ടാണ് മന്ത്രിമാരുൾപ്പെടെ വേദിയിലെത്തിയത്. ടീമിനെ ബംഗളൂരുവിലെത്തിച്ചത് ഫ്രാഞ്ചൈസിയും ക്രിക്കറ്റ് അസോസിയേഷനും ചേർന്നാണെന്നും മന്ത്രി പറഞ്ഞു.
18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കന്നി ഐ.പി.എൽ കിരീടം നേടിയ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിന് വലിയ സ്വീകരണ പരിപാടിയാണ് ബംഗളൂരു നഗരത്തിൽ ഒരുക്കിയത്. കർണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിൽ സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിരുന്നു. ഇതിനിടെ സൗജന്യ പാസ്സിനായി ആളുകൾ തിരക്കുകൂട്ടിയതാണ് അപകടത്തിന് കാരണമായത്. ആയിരക്കണക്കിന് ആരാധകരാണ് നഗരത്തിലേക്ക് ഒഴുകിയെത്തിയത്. സുരക്ഷ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെ പൊലീസ് വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. പിന്നാലെ നിയന്ത്രണങ്ങളോടെ അനുമതി നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

