അലീഗഢ്: ഹിന്ദുത്വ സൈദ്ധാന്തികൻ സവർക്കർക്കെതിരെ മോശം പരാമർശം നടത്തിയെന്നാരേ ാപിച്ച് മഗ്സാസെ അവാർഡ് ജേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ സന്ദീപ് പാണ്ഡെക്കെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു മഹാസഭ നൽകിയ പരാതിയിലാണ് നടപടി. ഞായറാഴ്ച അലീഗഢ് മുസ്ലിം സർവകലാശാലയിൽ പൗരത്വ പ്രക്ഷോഭത്തെ അഭിസംബോധന ചെയ്യവെയാണ് മോശം പരാമർശം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ, കലാപത്തിന് ഇടയാക്കും വിധം പ്രകോപനം സൃഷ്ടിച്ചതിനും കുറ്റകൃത്യം ചെയ്യാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്. ‘‘ഇതേ ആളുകൾ തന്നെയാണ് ബ്രിട്ടീഷ് ഭരണകാലത്ത് ഹിന്ദുക്കളെയും മുസ്ലിംകളെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചതെന്നും വലതുപക്ഷ സംഘടനകൾ നിയോഗിച്ച മുഖംമൂടി സംഘമാണ് ജെ.എൻ.യുവിലും ജാമിഅ മില്ലിയ്യയിലും അലീഗഢിലും കുഴപ്പം ഉണ്ടാക്കിയതെന്നും’’ സന്ദീപ് പാണ്ഡെ പ്രസംഗിച്ചിരുന്നു.