മോദിക്കും അമിത് ഷാക്കുമെതിരെ പരാമർശം; ഖവ്വാലി ഗായകനെതിരെ കേസ്
text_fieldsഭോപാൽ: സംഗീത പരിപാടിക്കിടെ രാജ്യത്തിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും എതിരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് ഉത്തർപ്രദേശിലെ ഖവാലി ഗായകനായ ഷെരീഫ് പർവേസിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു. രേവ ജില്ലയിലെ മംഗാവയിൽ മാർച്ച് 28ന് നടന്ന പരിപാടിയിലാണ് മോദിക്കും അമിത് ഷാക്കും പുറമെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും എതിരെ ഷെരീഫ് പർവേസ് പ്രകോപനപരമായ പരാമർശങ്ങൾ നടത്തിതെന്നാണ് പൊലീസ് പറയുന്നത്.
'മോദിയും അമിത് ഷായും യോഗിയും പറയുന്നത് അവർ ജനങ്ങൾക്കൊപ്പമാണെന്നാണ്. പക്ഷേ, അവർ ആരാണ്...? പാവങ്ങളുടെ രക്ഷകരാകാനാണ് അവർ ആഗ്രഹിക്കുന്നതെങ്കിൽ എന്തായിരുന്നു ഇന്ത്യ എന്ന് അവർ അറിയട്ടെ' എന്നായിരുന്നു പരിപാടിക്കിടെ ഷെരീഫ് പർവേസ് പറഞ്ഞതെന്നാണ് പൊലീസ് ആരോപിക്കുന്നത്. പരിപാടി നടന്ന പ്രദേശത്തെ ചിലർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കലാപത്തിന് പ്രേരിപ്പിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ്.
അതിനിടയിൽ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഗായകനെതിരെ രംഗത്തുവന്നു. 'ഖവ്വാലിയോ തുംറിയോ എന്തു വേണമെങ്കിലും പാടിക്കോളൂ. പക്ഷേ, രാജ്യമായിരിക്കണം ആദ്യം മനസ്സിൽ. ദേശീയവാദികളുടെ സർക്കാറാണ് ഭരിക്കുന്നതെന്ന് ഓർക്കണം. രാജ്യത്തിനെതിരായ ഒരു പാട്ടും വെച്ചുപൊറുപ്പിക്കില്ല.' - എന്നായിരുന്നു നരോത്തം മിശ്രയുടെ പ്രതികരണം.
മധ്യപ്രദേശ് പെലീസിലെ രണ്ട് സംഘങ്ങൾ യു.പിയിലെ കാൺപൂരിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ഉടൻ തന്നെ ഗായകനെ പിടികൂടുമെന്നും നരോത്തം മിശ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

