റാലിക്കിടെ 500 രൂപ നോട്ടുകൾ എറിഞ്ഞതിന് ഡി.കെ. ശിവകുമാറിനെതിരെ കേസ്
text_fieldsമാണ്ഡ്യ: മാണ്ഡ്യയിൽ കോൺഗ്രസിന്റെ പ്രജ ധ്വനി യാത്രക്കിടെ കലാകാരന്മാർക്ക് 500 രൂപ നോട്ടുകൾ എറിഞ്ഞുനൽകിയ സംഭവത്തിൽ കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാറിനെതിരെ പൊലീസ് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസെടുക്കാന്‍ മാണ്ഡ്യ കോടതി നിർദേശിക്കുകയായിരുന്നു.
മാർച്ച് 28 ന് ശ്രീരംഗപട്ടണയിലെ ബേവിനഹള്ളിക്ക് സമീപം കോൺഗ്രസ് പ്രജ ധ്വനി യാത്രയിലാണ് കേസിനാസ്പദമായ സംഭവം. റാലിയിൽ കലാപ്രകടനം കാഴ്ചവെച്ച കലാകാരന്മാർക്ക് നേരെ ശിവകുമാർ 500 രൂപ നോട്ടുകൾ എറിയുകയായിരുന്നു. പ്രാദേശിക കോടതിയുടെ നിർദേശപ്രകാരം മാണ്ഡ്യ റൂറൽ പൊലീസാണ് കേസെടുത്തത്. കൂടി നിന്ന ആളുകള്‍ക്കിടയില്‍ ചിലര്‍ ദൈവവിഗ്രഹങ്ങള്‍ തലയില്‍ ചുമന്നു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും വിഗ്രഹങ്ങളിലേക്കാണ് താന്‍ നോട്ടുകളെറിഞ്ഞതെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം.
അഴിമതിയിൽ മുങ്ങിക്കുളിച്ച കർണാടകയിലെ ബി.ജെ.പി സർക്കാറിനെ എത്രവേഗം പടിയിറക്കുന്നുവോ അതാണ് സംസ്ഥാനത്തിനും രാജ്യത്തിനും അത്രയും നല്ലതെന്ന് കഴിഞ്ഞ ദിവസം ശിവകുമാർ പറഞ്ഞിരുന്നു. "കോൺഗ്രസ് തെരഞ്ഞെടുപ്പിന് തയ്യാറാണ്, ഈ സർക്കാരിനെ പിരിച്ചുവിടണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ഈ സർക്കാരിനെ പിരിച്ചുവിടുന്നത് എത്ര നേരത്തെയാകുന്നുവോ അതാണ് സംസ്ഥാനത്തിനും രാജ്യത്തിനും അത്രയും നല്ലത്. ഈ തെരഞ്ഞെടുപ്പ് വികസനോന്മുഖവും അഴിമതി രഹിത സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടിയുള്ളതായിരിക്കും" -ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു
കർണാടകയിൽ ബി.ജെ.പി അഴിമതിയിൽ മുങ്ങിയതായി അദ്ദേഹം ആരോപിച്ചു. "അഴിമതി അതിന്റെ പാരമ്യത്തിലായതിനാൽ ഈ തെരഞ്ഞെടുപ്പ് മാതൃകയാകും. അഴിമതിയെ പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി മോദി വായ തുറക്കുന്നില്ല. പാർട്ടി നേതാക്കൾക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. പാർട്ടിക്ക് വേണ്ടി മാത്രം അദ്ദേഹം ഒരുപാട് വിട്ടുവീഴ്ച ചെയ്യുന്നു. ബിജെപി ഒരിക്കലും യുവാക്കൾക്ക് തൊഴിൽ നൽകിയിട്ടില്ല. നമ്മുടെ സംശുദ്ധമായ ഭരണം പാർട്ടിയെ അധികാരത്തിലെത്തിക്കും’ -അദ്ദേഹം കൂട്ടിച്ചേർത്തു.
224 സീറ്റുകളുള്ള കർണാടക നിയമസഭയിലേക്ക് മേയ് 10 ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മെയ് 13 ന് നടക്കും. ഭരണകക്ഷിയായ ബിജെപിക്ക് നിലവിൽ 119 എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് 75 ഉം ജെ.ഡി.എസിനു 28ഉം സീറ്റുകളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

