ഹിജാബ് ധരിച്ചതിന് സർക്കാർ ഡോക്ടറെ അധിക്ഷേപിച്ച ബി.ജെ.പി നേതാവിനെതിരെ കേസ്
text_fieldsചെന്നൈ: ഹിജാബ് ധരിച്ചതിന് സർക്കാർ ഡോക്ടറെ അധിക്ഷേപിക്കുകയും വിഡിയോ പകർത്തുകയും ചെയ്ത ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. ബി.ജെ.പി നാഗപട്ടണം ജില്ല ഭാരവാഹിയായ ഭുവനേശ്വരർറാം (42) ആണ് പ്രതി. ഇയാൾ ഒളിവിലാണ്. മേയ് 24ന് രാത്രി 11ഓടെ തിരുത്തുറൈപൂണ്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. സുഹൃത്തിന്റെ ചികിത്സക്കായി ആശുപത്രിയിൽ ഇയാൾ ഡ്യൂട്ടി ഡോക്ടർ ജന്നത്ത് ഫിർദൗസിനെ (27) ആണ് അധിക്ഷേപിച്ചത്.
ഹിജാബ് ധരിച്ചത് ചോദ്യം ചെയ്ത പ്രതി, യൂനിഫോം എവിടെയാണെന്നും ഇവർ ഡോക്ടർ തന്നെയാണോയെന്ന് സംശയമുണ്ടെന്നും പറഞ്ഞാണ് അധിക്ഷേപിച്ചത്. പ്രതി വിഡിയോ പകർത്തുന്നതറിഞ്ഞ ഡോക്ടറും പ്രതിയുടെ വിഡിയോ എടുത്തു. സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന സ്ഥലത്ത് രാത്രി അതിക്രമിച്ചുകടന്ന് ഭീഷണിപ്പെടുത്തിയതിനെ ഡോക്ടറും ചോദ്യം ചെയ്യുന്നുണ്ട്. ഇതിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
പൊതുവിടത്തിൽ അസഭ്യവർഷം ചൊരിയുക, കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കീളയൂർ പൊലീസ് കേസെടുത്തത്. അതിനിടെ വിവരമറിഞ്ഞ് ഡി.എം.കെയും ഇടത് പാർട്ടികളും മുസ്‍ലിം സംഘടന പ്രവർത്തകരും പി.എച്ച്.സിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.