മോദിയെയും ആർ.എസ്.എസിനെയും വിമർശിച്ച് കാർട്ടൂൺ; കേസെടുത്തു
text_fieldsഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആർ.എസ്.എസിനെയും വിമർശിച്ച കാർട്ടൂൺ വരച്ചതിന് കേസെടുത്തു. ഇൻഡോർ കേന്ദ്രമായി പ്രവർത്തിക്കുന്ന കാർട്ടൂണിസ്റ്റ് ഹേമന്ത് മാൾവിയക്കെതിരെ മധ്യപ്രദേശ് പൊലീസാണ് കേസെടുത്തത്.
ആർ.എസ്.എസ് പ്രവർത്തകനും മധ്യപ്രദേശ് ഹൈകോടതി അഭിഭാഷകനുമായ വിനോയ് ജോഷി എന്നയാളാണ് പരാതി നൽകിയത്. ആർ.എസ്.എസിനെ അപകീർത്തിപ്പെടുത്തുന്നതും മതവികാരം വ്രണപ്പെടുത്തുന്നതുമായ പോസ്റ്റുകൾ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രസിദ്ധീകരിച്ചതായി പരാതിയിൽ ആരോപിക്കുന്നു.
രണ്ടു വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ, മതത്തേയോ മതവിശ്വസത്തേയോ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കാർട്ടൂണിസ്റ്റിനെതിരെ ചുമത്തിയിട്ടുള്ളത്.
അതേസമയം, തന്‍റെ കാർട്ടൂണുകൾ ഭരണകൂടത്തെ ചോദ്യം ചെയ്യുന്നത് കൊണ്ടാണ് കേസെടുത്തിരിക്കുന്നതെന്ന് ഹേമന്ത് പ്രതികരിച്ചു.
ഇതുവരെ അറസ്റ്റ് നടപടികളിലേക്ക് കടന്നിട്ടില്ലെന്നും പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.
കാർട്ടൂണിസ്റ്റ് ഹേമന്ദ് മാൾവിയക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ബാബ രാംദേവിനെ അപകീർത്തികരമായി ചിത്രീകരിച്ചു എന്നാരോപിച്ച് 2022ൽ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തിരുന്നു.
2022 ഡിസംബറിൽ പ്രധാനമന്ത്രിയുടെ അമ്മയുടെ മരണത്തെത്തുടർന്ന് അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് ഇൻഡോറിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.