വിജയവാഡ: ആന്ധ്രയിലെ വിജയവാഡയിൽ മൂന്ന് പേർ യാത്ര ചെയ്തിരുന്ന കാറിന് തീകൊളുത്തി. കാറിനകത്തുണ്ടായിരുന്ന മൂന്നുപേർക്കും പൊള്ളലേറ്റു. ഒരാൾ ഗുരുതരാവസ്ഥയിലാണ്.
കാറിന് തീകൊളുത്തിയ വേണുഗോപാൽ റെഡ്ഡി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. റിയൽ എസ്റ്റേറ്റ് തർക്കത്തെ തുടർന്നാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്. കാറിനകത്ത് ഇയാളുടെ ബിസിനസ് പങ്കാളി ഗംഗാധറും ഭാര്യയും ഇവരുടെ സുഹൃത്തുമാണ് ഉണ്ടായിരുന്നത്.
കുറച്ചുകാലം മുമ്പ് ഗംഗാധറും വേണുഗോപാൽ റെഡ്ഡിയും ചേർന്ന് സെക്കൻഡ് ഹാൻഡ് കാറുകളുടെ ഇടപാട് നടത്തിയിരുന്നു. ബിസിനസിൽ നഷ്ടം വന്നതോടെ ഇരുവരും പിരിഞ്ഞു. വിഷയത്തിൽ വേണുഗോപാൽ ഗംഗാധറുമായി സംസാരിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും അയാൾ പ്രതികരിച്ചില്ല.
ഇതേ വിഷയം സംസാരിക്കാൻ ഗംഗാധറും ഭാര്യയും സുഹൃത്തും തിങ്കളാഴ്ച വേണുഗോപാൽ റെഡ്ഡിയെ കാണാൻ എത്തിയതായിരുന്നു. നാലു പേരും റോഡരികിൽ നിർത്തിയിട്ട കാറിലിരുന്ന് ഇക്കാര്യം ചർച്ച ചെയ്തു. വൈകുന്നേരം 4.45 ഓടെ വേണുഗോപാൽ സിഗരറ്റ് വലിക്കാനെന്ന പേരിൽ കാറിൽ നിന്നിറങ്ങി. വിസ്കി കുപ്പിയിൽ കൊണ്ടുവന്ന പെട്രോൾ കാറിൽ ഒഴിച്ച് തീകൊളുത്തി സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു.
കത്തുന്ന കാറിൽ നിന്നും പ്രദേശവാസികൾ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദമ്പതികൾക്ക് നിസാര പരിക്കുകളാണ് സംഭവിച്ചതെങ്കിലും കാറിനുള്ളിൽ ഉണ്ടായിരുന്നസുഹൃത്തിന് ഗുരുതരമായി പൊള്ളലേറ്റതായി പൊലീസ് പറഞ്ഞു. പ്രതി വേണുഗോപാലിനായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.