ഡൽഹി കാർ സ്ഫോടനം: ഐ20 കാർ മൂന്ന് മണിക്കൂറോളം ചെങ്കോട്ടക്ക് സമീപം കറങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
text_fieldsന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹിയിലെ കാർബോംബ് സ്ഫോടനത്തിൽ സ്ഫോടനമുണ്ടായ ഹ്യുണ്ടായുടെ വെള്ള ഐ20 കാറിന്‍റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മൂന്ന് മണിക്കൂറോളം വാഹനം മേഖലയിൽ കറങ്ങി നടന്നതായാണ് റിപ്പോർട്ട്. തുടർന്നാണ് ചെങ്കോട്ട ട്രാഫിക് സിഗ്നലിനരികെ പതിയെ നീങ്ങിയ കാർ പൊട്ടിത്തെറിച്ചത്.
ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ കാർ എത്തി. മൂന്ന് മണിക്കൂറോളം കാർ ഇവിടെ ഉണ്ടായിരുന്നു. വൈകിട്ട് 6.48-ഓടെ കാർ പാർക്കിങ് ഏരിയയിൽനിന്ന് പുറത്തേക്കിറങ്ങി.
സ്ഫോടനത്തിന്‍റെ ആഘാതം വ്യക്തമാകുന്ന സ്ഫോടനത്തിന്‍റെ വിഡിയോ ‘ചാന്ദ്നി ചൗക് വ്യാപാരി അസോസിയേഷൻ’ ഇന്നലെ തന്നെ പുറത്തുവിട്ടിരുന്നു.
കാറിന്റെ ആദ്യ ഉടമയെ പൊലീസ് ഹരിയാനയിലെ ഗുരുഗ്രാമിൽനിന്ന് ഇന്നലെ തന്നെ പിടികൂടിയിരുന്നു. മുഹമ്മദ് സൽമാൻ എന്നയാളെയാണ് പിടികൂടിയത്. ഇയാൾ ഒഖ്‍ലയിലുള്ള മറ്റൊരാൾക്ക് കാർ വിറ്റിരുന്നു. കാറിന് ഹരിയാന രജിസ്ട്രേഷനാണുണ്ടായിരുന്നത്. ദേവേന്ദ്ര എന്നയാൾക്കാണ് മുഹമ്മദ് സൽമാൻ കാർ വിറ്റത്. ഇതു വീണ്ടും അംബാലയിലെ ഒരാൾക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
മരണം ഒമ്പത് ആയി
ഇന്നലെ വൈകീട്ട് 6.52ഓടെ ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുണ്ടായ കാർ സ്ഫോടനത്തിൽ മരണം ഒമ്പത് ആയി. ഉഗ്ര സ്ഫോടനത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. 24 പേർക്ക് പരിക്കുണ്ട്. അനേകം മീറ്ററുകൾ അകലെ പാർക്കുചെയ്ത വാഹനങ്ങളുടെ ചില്ലുകളും സ്ഫോടനത്തിൽ തകർന്നു. അഗ്നി രക്ഷാവിഭാഗം കുതിച്ചെത്തി രാത്രി 7.29ഓടെ തീ നിയന്ത്രണവിധേയമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

