മുംബൈ: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പൈലറ്റ് മുൻ വ്യോമസേന വിങ് കമാൻഡർ ക്യാപ്റ്റൻ ദീപക് സാഠെയുടെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു. ഞായറാഴ്ചയാണ് മൃതദേഹം മുംബൈയിൽ കൊണ്ടുവന്നത്. ഭാര്യ സുഷമ നാം ജോഷിയും ഇളയ മകൻ ധനഞ്ജയ് സാഠെയും മൃതദേഹത്തെ അനുഗമിച്ചിരുന്നു. അമേരിക്കയിലായിരുന്ന മൂത്തമകൻ ശാന്തനു സാഠെ, മരുമകൾ വൈഭവി എന്നിവരെ കാത്താണ് സംസ്കാരം ചൊവ്വാഴ്ചയാക്കിയത്.
ബാബ ആശുപത്രിയിൽ സൂക്ഷിച്ച ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് പവായ്, ചാന്ത്വാലിയിലെ ഫ്ലാറ്റിൽ കൊണ്ടുവന്നത്. നാഗ്പുരിലായിരുന്ന അച്ഛൻ റിട്ട. ബ്രിഗേഡിയർ വസന്ത് സാഠെയും അമ്മ നീല സാഠെയും മകനെ അവസാനമായി കാണാനെത്തി. സാഠെ 21 വർഷം വിങ് കമാൻഡറായിരുന്ന വ്യോമസേന റീത്ത് സമർപ്പിച്ചു. 11.30 ഒാടെ വിക്രോളിയിലെ വൈദ്യുത ശ്മശാനത്തിലേക്ക് കൊണ്ടുപോയി. വിലാപ യാത്രക്കിടെ റോഡിെൻറ ഇരുവശങ്ങളിലും ബാൽക്കണികളിലും നിന്നവർ 'അമർ രഹെ' എന്ന് വിളിച്ചുപറഞ്ഞും സല്യൂട്ട് ചെയ്തും ആദരമർപ്പിച്ചു.