ഒരു വീരനെ പോലെയായിരിക്കും തന്റെ മരണമെന്ന് ക്യാപ്റ്റൻ എപ്പോഴും പറയുമായിരുന്നു -അൻഷുമാൻ സിങ്ങിനെ കുറിച്ച് ഭാര്യ സ്മൃതി സിങ്
text_fieldsന്യൂഡൽഹി: തന്റേത് ഒരിക്കലും സാധാരണ മരണമായിരിക്കില്ലെന്നും മരിച്ചാൽ നെഞ്ചിൽ ദേശീയ പതാക പുതപ്പിക്കുമെന്നും ക്യാപ്റ്റൻ അൻഷുമാൻ സിങ് പറയുമായിരുന്നുവെന്ന് ഭാര്യ സ്മൃതി സിങ്. സിയാച്ചിൻ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടിത്തത്തിലാണ് കാപ്റ്റൻ അൻഷുമാൻ മരണപ്പെട്ടത്. ബങ്കറിനുള്ളിൽ പെട്ടുപോയ സൈനികരെ രക്ഷിക്കാൻ ക്യാപ്റ്റൻ അതിന്റെ ഉള്ളിലേക്ക് പ്രവേശിച്ച് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
നാല് സൈനികരെ അദ്ദേഹം സുരക്ഷിതരായി പുറത്തെത്തിച്ചു. എന്നാൽ പുറത്തേക്ക് കടക്കാനാകാതെ കാപ്റ്റൻ ബങ്കറിനുള്ളിൽ കുടുങ്ങിപ്പോയി. ഗുരുതരമായി പൊള്ളലേറ്റ കാപ്റ്റനെ ഹെലികോപ്ടറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. സ്വന്തം ജീവൻ പോലും അവഗണിച്ചുള്ള അദ്ദേഹത്തിന്റെ ധീരതക്ക് രാഷ്ട്രം മരണാനന്തര ബഹുമതിയായി കീർത്തി ചക്ര നൽകി ആദരിച്ചു.
രാഷ്ട്രപതിയിൽ നിന്ന് കീർത്തിചക്ര സ്വീകരിക്കാൻ എത്തിയതായിരുന്നു സ്മൃതിയും അൻഷുമാൻ സിങ്ങിന്റെ മാതാവും. രണ്ടുപേരും ചേർന്നാണ് രാഷ്ട്രപതിയിൽ നിന്ന് മരണാനന്തര പുരസ്കാരം ഏറ്റുവാങ്ങിയത്.
എൻജിനീയറിങ് കോളജിൽ വെച്ചാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി കണ്ടത്. ആദ്യ കാഴ്ചയിൽ തന്നെ ഞങ്ങൾ പ്രണയബദ്ധരായി. ഒരുമാസത്തിനു ശേഷം അദ്ദേഹത്തിന് സായുധ സേനയുടെ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചു. എൻജിനീയറിങ് പഠനം ഉപേക്ഷിച്ച് അദ്ദേഹം മെഡിസിൻ പഠിക്കാൻ പോയി. എന്നാൽ ഞങ്ങൾ തമ്മിലുള്ള ബന്ധം അറ്റുപോയില്ല. എട്ടുവർഷം ഞങ്ങൾ പ്രണയിച്ചു. അതിനു ശേഷം വിവാഹം കഴിക്കാൻ തീരുമാനിച്ചു. നിർഭാഗ്യവശാൽ വിവാഹം കഴിഞ്ഞ് രണ്ടുമാസമേ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന് സിയാച്ചിനിൽ പോസ്റ്റിങ് ലഭിച്ചു.''.-സ്മൃതി സിങ് പറഞ്ഞു.
സിയാച്ചിനിൽ മെഡിക്കൽ ഓഫിസർ ആയിട്ടായിരുന്നു അൻഷുമാന് നിയമനം ലഭിച്ചത്.2023 ജൂലൈ 19ന് ഷോർട്ട് സർക്യൂട്ട് മൂലമാണ് ബങ്കറിൽ തീപിടിത്തമുണ്ടായത്. തീപടരുന്നത് ശ്രദ്ധയിൽ പെട്ടയുടൻ ക്യാപ്റ്റൻ സഹപ്രവർത്തകരെ രക്ഷപ്പെടാൻ ഇടപെടുകയായിരുന്നു.
''ജൂലൈ 18ന് ഞങ്ങൾ ഒരുപാട് നേരം സംസാരിച്ചിരുന്നു. അടുത്ത 50 വർഷത്തെ ജീവിതത്തെ കുറിച്ചായിരുന്നു ഞങ്ങൾ പറഞ്ഞുകൊണ്ടിരുന്നത്. ജൂലൈ 19ന് എനിക്കൊരു ഫോൺ സന്ദേശം വന്നു. അദ്ദേഹം മരിച്ചുവെന്ന വിവരമറിയിച്ചായിരുന്നു അത്. അദ്ദേഹം ഈ ലോകത്തില്ല എന്ന വിവരം ബോധ്യപ്പെടാൻ ഏഴെട്ടു മണിക്കൂർ വേണ്ടി വന്നു. ഇപ്പോൾ കീർത്തിചക്രയാണ് എന്റെ കൈകളിലിരിക്കുന്നത്. മരണം യാഥാർഥ്യമാണെന്ന് മനസിലായി. അദ്ദേഹം ഒരു ഹീറോയായിരുന്നു. നമുക്ക് നമ്മുടെ ജീവിതത്തിലെ ചില കാര്യങ്ങളൊക്കെയെ മാനേജ് ചെയ്യാൻ കഴിയുകയുള്ളൂ. എന്നാൽ അദ്ദേഹം തന്റെ ജീവൻ പോലും അവഗണിച്ച് സഹപ്രവർത്തകരെ രക്ഷപ്പെടുത്തി.''-സ്മൃതി സിങ് കണ്ണീരോടെ പറഞ്ഞുനിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

