തിരിച്ചടിക്കാൻ ക്യാപ്റ്റൻ; 'ജി-23' നേതാക്കളെ കണ്ടേക്കും
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചടി നൽകാൻ പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 'ജി-23' എന്നറിയപ്പെടുന്ന, കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന, നേതാക്കളുമായി അമരീന്ദർ ചർച്ച നടത്തിയേക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം കപിൽ സിബൽ കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് നീക്കം.
അമരീന്ദർ സിങ് കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹിയിലെ വസതിയിലെത്തി കണ്ടിരുന്നു. കൂടിക്കാഴ്ച ഏറെ അഭ്യൂഹത്തിന് വഴിവെച്ചുവെങ്കിലും രാഷ്ട്രീയ ചർച്ചകളൊന്നും നടത്തിയില്ലെന്നാണ് അമരീന്ദർ പറഞ്ഞത്. കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ കുറിച്ചാണ് ചർച്ച ചെയ്തതെന്നാണ് അമരീന്ദർ പറഞ്ഞത്. എന്നാൽ, അമരീന്ദർ ബി.ജെ.പിയിലേക്ക് നീങ്ങുമോയെന്ന അഭ്യൂഹം ഇതോടെ ശക്തമായിട്ടുണ്ട്.
പഞ്ചാബ് കോൺഗ്രസിലെ രൂക്ഷമായ പടലപ്പിണക്കത്തിനൊടുവിലാണ് ഈ മാസം 18ന് ഹൈക്കമാൻഡിന്‍റെ നിർദേശപ്രകാരം അമരീന്ദർ മുഖ്യമന്ത്രി പദം രാജിവച്ചത്. പി.സി.സി അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവുമായുള്ള ഭിന്നതകളാണ് രാജിക്കിടയാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാർ അടക്കം 40 എം.എൽ.എമാർ ഹൈക്കമാൻഡിനെ സമീപിക്കുകയായിരുന്നു.
മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദർ നേതൃത്വത്തിനെതിരെ സംസാരിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകർ ഇരുവരെയും വഴി തെറ്റിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമരീന്ദർ പങ്കെടുത്തിരുന്നില്ല. അതിനിടെ, കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസം നവ്ജോത് സിങ് സിദ്ദുവും രാജിക്കത്ത് നൽകിയിരുന്നു.
പാർട്ടിയിൽ സമൂല അഴിച്ചുപണി ആവശ്യപ്പെട്ട വിമത നേതാക്കൾ വീണ്ടും പ്രതികരിച്ച് തുടങ്ങിയത് കോൺഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുകയാണ്. രൂക്ഷമായ വിമർശനമാണ് ഇന്നലെ കപിൽ സിബൽ നടത്തിയത്. കോൺഗ്രസിന് ഇപ്പോൾ തെരഞ്ഞെടുക്കപ്പെട്ട അധ്യക്ഷനില്ല. ആരാണ് ഇപ്പോൾ തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് ഞങ്ങൾ അറിയുന്നില്ല. എന്തുകൊണ്ടാണ് നേതാക്കൾ പാർട്ടി വിടുന്നത്? അത് നമ്മുടെ കുഴപ്പമാണോയെന്ന് പരിശോധിക്കണം. കോൺഗ്രസ് ഒരിക്കലും എത്തിച്ചേരേണ്ടതില്ലാത്ത ഒരു സാഹചര്യത്തിലാണ് ഇന്നുള്ളത് -സിബൽ പറഞ്ഞു.
പാർട്ടി വിട്ടുപോകുന്നവരുടെ കൂട്ടത്തിലല്ല ഞങ്ങൾ. ഇത് വിരോധാഭാസമാണ്. പാർട്ടി നേതൃത്വവുമായി അടുപ്പമുണ്ടായിരുന്നവർ പാർട്ടി വിട്ടുപോകുന്നു. എന്നാൽ, അടുപ്പമില്ലാത്തവരെന്ന് നേതൃത്വം കരുതുന്നവർ ഇപ്പോഴും പാർട്ടിക്കൊപ്പം നിൽക്കുന്നു -കപിൽ സിബൽ ചൂണ്ടിക്കാട്ടി.