അമരീന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നു; പാർട്ടി ലയിച്ചു
text_fieldsന്യൂഡൽഹി: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്‍റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബി.ജെ.പിയിൽ ലയിച്ചു. അമരീന്ദർ സിങ് കേന്ദ്ര മന്ത്രി കിരൺ റിജിജുവിന്‍റെയും നരേന്ദ്ര സിങ് തോമറിന്‍റെയും സാന്നിധ്യത്തിൽ ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
കോൺഗ്രസ് വിട്ട് ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് അമരീന്ദർ സിങ് ബി.ജെ.പിയിൽ ചേർന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെത്തുടർന്ന് കോൺഗ്രസ് വിട്ട് സിങ് പഞ്ചാബ് ലോക് കോൺഗ്രസ് (പി.എൽ.സി) രൂപീകരിക്കുകയായിരുന്നു.
നട്ടെല്ലിന് നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം അടുത്തിടെ ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയ സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കണ്ടിരുന്നു. സെപ്റ്റംബർ 12ന് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, ദേശീയ സുരക്ഷ, പഞ്ചാബിൽ വർധിച്ചുവരുന്ന മയക്കുമരുന്ന്-ഭീകരവാദ കേസുകൾ, സംസ്ഥാനത്തിന്‍റെ സമഗ്രവികസനത്തിനുള്ള ഭാവി റോഡ് മാപ്പ് എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ താൻ വളരെ ഫലപ്രദമായ ചർച്ച നടത്തിയതായാണ് സിങ് അറിയിച്ചത്. ലണ്ടനിലേക്ക് പോകുന്നതിന് മുമ്പ് സിങ് തന്‍റെ പാർട്ടിയെ ബി.ജെ.പിയിൽ ലയിപ്പിക്കാനുള്ള ഉദ്ദേശ്യം അറിയിച്ചിരുന്നുവെന്ന് പഞ്ചാബിലെ മുതിർന്ന ബി.ജെ.പി നേതാവ് ഹർജിത് സിംഗ് ഗ്രെവാൾ ജൂലൈയിൽ വ്യക്തമാക്കിയിരുന്നു.
അമരീന്ദറിനൊപ്പമുള്ള ഏഴ് മുൻ എം.എൽ.എമാരും ഒരു മുൻ എം.പിയും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതിയ പാർട്ടിക്കൊപ്പം ബി.ജെ.പിയുടെ സഖ്യകക്ഷിയായി മത്സരിച്ചെങ്കിലും സ്വന്തം മണ്ഡലമായ പട്യാല അർബൻ പോലും നേടാൻ അമരീന്ദറിന് കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

