അമൃത്സർ: പഞ്ചാബ് കോൺഗ്രസിൽ നവ്ജ്യോത് സിങ് സിദ്ദുവിന്‍റെയും മറ്റു നേതാക്കളുടെയും രാജിക്ക് പിന്നാലെ വിശ്വാസവോട്ടെടുപ്പെന്ന ആവശ്യമുയർത്തി മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ് പക്ഷെത്ത എം.എൽ.എമാർ. വിശ്വാസവോട്ടെടുപ്പ് ആവശ്യെപ്പടാൻ അമരീന്ദറിനോട് എം.എൽ.എമാർ അറിയിച്ചതായാണ് വിവരം.
അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിക്ക് ഹൈക്കമാൻഡ് പിന്തുണ അറിയിച്ചതായാണ് വിവരം. സിദ്ദുവിന്‍റെ രാജിയിൽ അതൃപ്തിയും രേഖപ്പെടുത്തി.
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷസ്ഥാനം സിദ്ദു രാജിവെച്ചതിന് പിന്നാലെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ തങ്ങളുടെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു. പഞ്ചാബ് കാബിനറ്റ് മന്ത്രിസ്ഥാനം റസിയ സുൽത്താന രാജിവെച്ചു. ദിവസങ്ങൾക്ക് മുമ്പാണ് ഇവർ മന്ത്രിസ്ഥാനം ഏറ്റെടുത്തത്. കൂടാതെ പർഗത്സിങ്ങും മന്ത്രിസ്ഥാനം രാജിവെച്ചു. ഇവർക്ക് പുറമെ മൂന്നുപേർ പാർട്ടി സ്ഥാനങ്ങൾ രാജിവെച്ചു.
യോഗീന്ദർ ദിൻഗ്ര ജനറൽ സെക്രട്ടറി സ്ഥാനം, ഗുൽസർ ഇന്ദർ ചഹൽ പഞ്ചാബ് കോൺഗ്രസ് ട്രഷറർ സ്ഥാനം, ഗൗതം സേത് ജനറൽ സെക്രട്ടറി സ്ഥാനം എന്നിവയാണ് രാജിവെച്ചത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറിയ രാജിക്കത്ത് സിദ്ദു ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. പഞ്ചാബിെൻറ ഭാവി സംബന്ധിച്ച കാര്യങ്ങളിൽ വിട്ടുവീഴ്ച പറ്റില്ലെന്ന വിശദീകരണത്തോടെയാണ് സിദ്ദുവിെൻറ രാജിക്കത്ത്.
രാജിക്കത്ത് ഹൈകമാൻഡ് അംഗീകരിച്ചിട്ടില്ല. കോൺഗ്രസിൽ തുടരുമെന്ന് സിദ്ദു വ്യക്തമാക്കിയിട്ടുണ്ട്. തൊട്ടുപിന്നാലെ, ഹൈകമാൻഡിന് തക്ക മറുപടിയുമായി അമരീന്ദർ ട്വിറ്റർ കുറിപ്പ് ഇറക്കി. 'സ്ഥിരതയില്ലാത്ത അയാളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് നിങ്ങളോട് ഞാൻ പണ്ടേ പറഞ്ഞതാ'ണെന്ന് അമരീന്ദർ ഓർമിപ്പിച്ചു.
എന്നാൽ അമരീന്ദറുടെ യാത്ര ബി.ജെ.പിയിലേക്കാണെന്നതിന് ഇനിയും സ്ഥിരീകരണമായിട്ടില്ല. സിദ്ദുവിെൻറ രാജിക്കു പിന്നാലെ മുഖ്യമന്ത്രി ചരൺജിത്സിങ് ചന്നി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു. അതിനിടയിലാണ് സിദ്ദുവിനെ പിന്തുണച്ച് റസിയ സുൽത്താന, പർഗത്സിങ് എന്നിവർ മന്ത്രിസഭയിൽ നിന്ന് രാജി വെച്ചത്. തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ നാലു മാസം മാത്രം ബാക്കിനിൽക്കേയാണ് കോൺഗ്രസിലെ പ്രതിസന്ധി.