കാലഹരണപ്പെട്ട ആയുധങ്ങൾ ഉപയോഗിച്ച് ആധുനിക കാലത്തെ യുദ്ധങ്ങൾ ജയിക്കാൻ കഴിയില്ല; ഇന്ത്യയുടെ പ്രതിരോധ ശേഷി ആധുനികവൽകരിക്കണം -അനിൽ ചൗഹാൻ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ പ്രതിരോധ ശേഷി ആധുനികവൽകരിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ഊന്നിപ്പറഞ്ഞ് ചീഫ് ഓഫ് സ്റ്റാഫ് ഡിഫൻസ്(സി.ഡി.എസ്) മേധാവി ജനറൽ അനിൽ ചൗഹാൻ. ഇന്ന് യുദ്ധം ചെയ്യേണ്ടത് നാളത്തെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ്. അല്ലാതെ കാലഹരണപ്പെട്ട സംവിധാനങ്ങൾ ഉപയോഗിച്ചല്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന യു.എ.വി, കൗണ്ടർ-അൺമാൻഡ് ഏരിയൽ സിസ്റ്റംസ് (സി-യു.എ.എസ്) തദ്ദേശീയവൽകരണത്തെക്കുറിച്ചുള്ള വർക് ഷോപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക യുദ്ധത്തിൽ അത്യാധുനിക സാങ്കേതിക വിദ്യകളുടെ വർധിച്ചുവരുന്ന പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി ഇന്നലത്തെ ആയുധ സംവിധാനങ്ങൾ നമുക്ക് ഒരിക്കലും ഇന്നത്തെ യുദ്ധം വിജയിക്കാൻ കഴിയില്ല. തന്ത്രപരമായ ദൗത്യങ്ങൾക്ക് നിർണായകമായ വിദേശ പ്രത്യേക സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് ഇന്ത്യ കുറക്കണം.
ഇത്തരം ഇറക്കുമതി ചെയ്ത സാങ്കേതിക വിദ്യകളെ ആശ്രയിക്കുന്നത് നമ്മുടെ തയാറെടുപ്പിനെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം വിലയിരുത്തി. മേയിൽ ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിനെ കുറിച്ചും അനിൽ ചൗഹാൻ പരാമർശിച്ചു. അതിർത്തിയിൽ പാകിസ്താൻ നിരായുധരായ ഡ്രോണുകളും ചില യുദ്ധോപകരണങ്ങളും വിന്യസിച്ചു. അതിൽ ഭൂരിഭാഗവും കൈനറ്റിക്-നോൺ കൈനറ്റിക് മാർഗങ്ങളിലൂടെ നമ്മൾ നിർവീര്യമാക്കി. ഈ ഡ്രോണുകളിൽ ഒന്നിനും ഇന്ത്യയുടെ സൈനികർക്കോ അല്ലെങ്കിൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കോ ഒരു നാശനഷ്ടവും വരുത്താൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക കാലത്തെ യുദ്ധമുഖങ്ങളിൽ ഡ്രോണുകളുടെ ഉപയോഗം അത്യാവശ്യമാണ്. ഡ്രോണുകൾക്ക് തന്ത്രപരമായ സന്തുലിതാവസ്ഥയെ അനുപാതമില്ലാതെ എങ്ങനെ മാറ്റാൻ കഴിയുമെന്ന് സമീപകാല സംഘർഷങ്ങൾ തെളിയിച്ചിട്ടുണ്ട്. അവയുടെ ഉപയോഗം വെറുമൊരു സാധ്യത മാത്രമല്ല. അത് നമ്മൾ ഇതിനകം നേരിടുന്ന ഒരു യാഥാർഥ്യമാണെന്നും ചീഫ് ഓഫ് സ്റ്റാഫ് ഡിഫൻസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

