തിരിച്ചടവ് മുടങ്ങിയ വാഹനം ഗുണ്ടകളെ ഉപയോഗിച്ച് പിടിച്ചെടുക്കാനാവില്ല -അലഹബാദ് ഹൈകോടതി
text_fieldsപ്രയാഗ് രാജ്: വായ്പ തിരിച്ചടവ് മുടങ്ങിയെന്ന കാരണത്താൽ ഗുണ്ടകളെ ഉപയോഗിച്ച് ധനകാര്യ സ്ഥാപനങ്ങൾക്ക് വാഹനങ്ങൾ പിടിച്ചെടുക്കാനാകില്ലെന്ന് അലഹബാദ് ഹൈകോടതി.
വായ്പ നൽകിയ സ്ഥാപനത്തിന് വാഹനം തിരിച്ചുപിടിക്കാൻ കരാർപ്രകാരമുള്ള അവകാശമുണ്ടെങ്കിലും അത് നിയമപരമായ നടപടികളിലൂടെ മാത്രമേ നടപ്പാക്കാവൂവെന്ന് കോടതി വ്യക്തമാക്കി. വായ്പക്കാരനെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി വാഹനം പിടിച്ചെടുക്കാൻ റിക്കവറി ഏജന്റുമാരെ അനുവദിക്കാനാകില്ലെന്നും ജസ്റ്റിസുമാരായ ജെ.ജെ. മുനീർ, ഇന്ദ്രജീത് ശുക്ല എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
വായ്പയുടെ 45 തവണകളിൽ 31 എണ്ണവും തിരിച്ചടച്ച വ്യക്തിയുടെ വാഹനം ദേശീയപാതയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് പിടിച്ചെടുത്തതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹരജിക്കാരനായ സാദാബ് അഹമ്മദിന്റെ വാഹനം തിരികെ നൽകാനും 10,000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ധനകാര്യ സ്ഥാപനമായ എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവിസസ് ലിമിറ്റഡിനോട് നിർദേശിച്ചു. പിഴപ്പലിശ ഒഴിവാക്കി വായ്പ പുനഃക്രമീകരിക്കണമെന്നും പുതിയ കരാർ തയാറാക്കണമെന്നും ഉത്തരവിട്ടു.

