പ്രത്യേക രീതിയിൽ നിയമനിർമാണം നടത്താൻ നിർദേശിക്കാനാവില്ല -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പ്രത്യേക രീതിയിൽ നിയമനിർമാണത്തിന് നിയമനിർമാണ സഭയോട് നിർദേശിക്കാൻ കോടതികൾക്ക് കഴിയില്ലെന്ന് സുപ്രീംകോടതി. ഈ വിഷയത്തിൽ നൽകിയ പൊതുതാൽപര്യ ഹരജി തള്ളിയ ഡൽഹി ഹൈകോടതി ഉത്തരവിനെതിരായ ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. എല്ലാ വശങ്ങളും പരിഗണിച്ചാണ് പാർലമെൻറ് പുതിയ നിയമനിർമാണം നടത്തുകയെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹരജിയിൽ വാദം കേൾക്കാൻ വിസമ്മതിച്ചു.
പരാതിക്കാർക്കോ ഇരക്കോ കുറ്റപത്രത്തിന്റെ പകർപ്പ് സൗജന്യമായി നൽകാൻ ജില്ലാ കോടതികൾക്കോ പൊലീസിനോ നിർദേശം നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (ബി.എൻ.എസ്.എസ്) സെക്ഷൻ 230ൽ പരാമർശിച്ചിട്ടുള്ളതായി കേന്ദ്രത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. പൊലീസ് റിപ്പോർട്ടിൽ നടപടിയുണ്ടായാൽ മജിസ്ട്രേറ്റ് കുറ്റാരോപിതർക്കും ഇരക്കും പൊലീസ് റിപ്പോർട്ടും പ്രഥമ വിവര റിപ്പോർട്ടും ഉൾപ്പെടെ രേഖകളുടെ പകർപ്പ് സൗജന്യമായി നൽകണമെന്നാണ് ഇതിൽ പറയുന്നത്. ഇതടക്കം പൊതുതാൽപര്യ ഹരജിയിലെ പലതും പരിഗണന വിഷയമല്ലാത്തതാണെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

