‘ജി.എസ്.ടി അടക്കാത്തതിന്റെ പേരിൽ വഞ്ചനാക്കുറ്റം ചുമത്താനാവില്ല’
text_fieldsന്യൂഡൽഹി: ജി.എസ്.ടി അടക്കാത്തതിന്റെ പേരിൽ മാത്രം നികുതിദായകർക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കർശന നിയമനടപടി സ്വീകരിക്കാനാവില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് (സി.ബി.ഐ.സി). നികുതി വെട്ടിക്കാനുള്ള ബോധപൂർവ ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കണമെന്ന് ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് നൽകിയ സർക്കുലറിൽ സി.ബി.ഐ.സി വ്യക്തമാക്കി.
നികുതി വെട്ടിക്കാനുള്ള ഉദ്ദേശ്യത്തോടെ വഞ്ചന നടത്തുകയോ മനഃപൂർവം തെറ്റായ വിവരങ്ങൾ നൽകുകയോ വസ്തുതകൾ മറച്ചുവെക്കുകയോ ചെയ്തതിന് വ്യക്തമായ തെളിവില്ലാതെ കേന്ദ്ര ജി.എസ്.ടി നിയമത്തിലെ സെക്ഷൻ 74(1), സെക്ഷൻ 74A(5)(ii) എന്നിവ പ്രയോഗിക്കരുതെന്നാണ് നിർദേശം.
നികുതി രേഖകളുടെ പരിശോധനയിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്ന കാരണത്താൽ മാത്രം വഞ്ചന നടന്നതായി അനുമാനിക്കാനാവില്ല. രേഖകൾ പരിശോധിച്ച് പ്രശ്നത്തിന്റെ സ്വഭാവം കണ്ടെത്തണം. ബോധപൂർവ നികുതി വെട്ടിപ്പിന് തെളിവ് ലഭിച്ചാൽ മാത്രമേ കർശന വ്യവസ്ഥകൾ പ്രയോഗിക്കാവൂ. ഈ തെളിവുകളും നടപടിക്കുള്ള കാരണങ്ങളും കാരണംകാണിക്കൽ നോട്ടീസിൽ വ്യക്തമായി രേഖപ്പെടുത്തണമെന്നും സി.ബി.ഐ.സി നിർദേശിച്ചു.
57ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് സർക്കുലർ. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജി.എസ്.ടി നിയമത്തിലെ ക്രിമിനൽ നടപടികൾ ലഘൂകരിക്കുന്നതുൾപ്പെടെ നിരവധി പരിഷ്കാരങ്ങൾക്ക് തീരുമാനമെടുത്തിരുന്നു.
നികുതി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം ഒഴിവാക്കാനും ക്രിമിനൽ പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി വെട്ടിപ്പ് പരിധി ഒരു കോടി രൂപയിൽനിന്ന് അഞ്ചുകോടി രൂപയായി ഉയർത്താനും കൗൺസിൽ തീരുമാനിച്ചിരുന്നു. നിയമഭേദഗതികൾക്ക് പാർലമെന്റിന്റെ അംഗീകാരം ആവശ്യമാണ്. ഇവ അടുത്ത വർഷം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. അതേസമയം, ഭരണപരമായ നടപടിക്രമങ്ങളിലെ മാറ്റങ്ങൾ സർക്കുലറുകളിലൂടെ നടപ്പാക്കും.
സുപ്രീംകോടതിയുടെയും വിവിധ ഹൈകോടതികളുടെയും വിധികൾ പരാമർശിച്ചാണ് പുതിയ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. നിയമപ്രകാരം സമർപ്പിക്കേണ്ട റിട്ടേണുകളിലോ മറ്റ് രേഖകളിലോ ആവശ്യമായ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുകയോ പ്രത്യേകം ആവശ്യപ്പെട്ട വിവരങ്ങൾ നൽകാതിരിക്കുകയോ ചെയ്യുന്നത് വസ്തുതകൾ മറച്ചുവെക്കലിന്റെ പരിധിയിൽ വരാം.
എന്നാൽ, വിവരങ്ങൾ നൽകുന്നതിൽ വീഴ്ച സംഭവിച്ചതുകൊണ്ടുമാത്രം അത് ബോധപൂർവമായ നികുതി വെട്ടിപ്പായി കണക്കാക്കാനാവില്ല. ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പ്രകാരം നികുതി തുകയുടെ 15 മുതൽ 100 ശതമാനം വരെ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. കാരണം കാണിക്കൽ നോട്ടീസ് നൽകുന്നതിന് മുമ്പോ ശേഷമോ നികുതി അടക്കുന്ന സമയത്തെ ആശ്രയിച്ചാണ് പിഴയുടെ തോത് നിർണയിക്കുന്നത്.

