ഡോക്ടറുടെ കൊല: രാജ്യതലസ്ഥാനത്ത് മെഴുകുതിരി തെളിച്ച് പ്രതിഷേധം
text_fieldsകൊൽക്കത്തയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതിതേടി ആരോഗ്യ പ്രവർത്തകർ ഡൽഹിയിൽ മെഴുകുതിരി തെളിച്ച് പ്രതിഷേധിക്കുന്നു
ന്യൂഡൽഹി: കൊൽക്കത്തയിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതിതേടി രാജ്യതലസ്ഥാനത്ത് മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം. ഡൽഹിയിൽ മെഡിക്കൽ അസോസിയേഷനടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പൊലീസ് വിലക്ക് ലംഘിച്ച് ഡൽഹി ലേഡി ഹാർഡിങ് ആശുപത്രിയിലെ ഡോക്ടർമാർ അടക്കം ആരോഗ്യപ്രവർത്തകർ ജന്തർമന്തറിൽ പ്രതിഷേധത്തിനെത്തി. മറ്റു ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു.
ഡോക്ടർമാരുടെ സംഘടന ശനിയാഴ്ച രാത്രി 10 മുതൽ പത്തര വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ന്യൂഡൽഹി ഡി.സി.പിയടക്കം സ്ഥലത്തെത്തി പിരിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടർമാർ പിന്തിരിഞ്ഞില്ല. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സംരക്ഷണ നിയമം നടപ്പാക്കുക, കൊൽക്കത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശനിയാഴ്ച വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ തെരുവിലിറങ്ങി. ഡൽഹിയിലടക്കം മിക്ക സംസ്ഥാനങ്ങളിലും ഒ.പി സേവനവും അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും മുടങ്ങി. പൊതുതാൽപര്യം കണക്കിലെടുത്ത് ഡോക്ടർമാർ ജോലിയിൽ പ്രവേശിക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. വിമാനത്താവളങ്ങളിലേതിന് സമാനമായ സുരക്ഷ സംവിധാനം, നിശ്ചിതമായ ജോലി സമയം, സുരക്ഷ ഉറപ്പ് നൽകുന്ന വിശ്രമമുറികൾ, സുരക്ഷ ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളിലും നിയമപരിരക്ഷ തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും സമയബന്ധിത നീതി ഉറപ്പാക്കുന്ന അന്വേഷണവും ആവശ്യപ്പെട്ടതായി ഐ.എം.എ പ്രസിഡന്റ് ഡോ. ആർ.വി. അശോകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

