ജയിച്ചിട്ടില്ല, ജയിച്ച ചരിത്രം കേട്ടിട്ടില്ല; 94ാം അങ്കത്തിനൊരുങ്ങി ഹസനുറാം
text_fieldsതെരഞ്ഞെടുപ്പിൽ മത്സരിക്കുക, കെട്ടിവെച്ച പണമടക്കം നഷ്ടപ്പെട്ട് തോൽക്കുക.. ഇതൊന്നും പുതമയുള്ള കാര്യമല്ല ഹസനുറാം അംബേദ്കരിക്ക്. ജയിക്കാൻ വേണ്ടിയല്ലാതെയും തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് കരുതുന്ന ഹസനുറാം 94 തവണയും മത്സരത്തിനൊരുങ്ങുകയാണ്.
ആഗ്ര സ്വദേശിയായ ഹസനുറാം അംബേദ്കരിയെന്ന 74 കാരനാണ് 93 തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ സ്ഥാനാർഥി. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആഗ്രയിലെ ഖേരാഗർ മണ്ഡലത്തിൽ നിന്നാണ് ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയായി ഹസനുറാം മത്സരിക്കാനിറങ്ങുന്നത്. 'തോൽക്കാനാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്, വിജയിക്കുന്ന രാഷ്ട്രീയക്കാർ ജനങ്ങളെ മറക്കുകയാണ്. തെരഞ്ഞെടുപ്പിൽ 100 തവണ തോറ്റതിെൻറ റെക്കോർഡ് എനിക്ക് വേണം. എതിരാളികൾ ആരായാലും തനിക്ക് പ്രശ്നമല്ല' - ഹസനുറാം പറഞ്ഞു.
കർഷകത്തൊഴിലാളിയായ ഹസനുറാമിന് ഔപചാരിക സ്‌കൂൾ വിദ്യാഭ്യാസമില്ലെങ്കിലും ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതാനും വായിക്കാനും അറിയാം. കാൻഷി റാമിെൻറ ഓൾ ഇന്ത്യ ബാക്ക് വേർഡ് ആൻഡ് മൈനോറിറ്റി കമ്മ്യൂണിറ്റീസ് എംപ്ലോയീസ് ഫെഡറേഷൻ അംഗമായിരുന്നു ഹസനുറാം. ഡോ. ഭീം റാവു അംബേദ്കറുടെ ആശയങ്ങൾക്കനുസരിച്ചാണ് 93 തിരഞ്ഞെടുപ്പുകളിലും മത്സരിച്ചതെന്ന് ഇദ്ദേഹം പറയുന്നു.
1985 മുതൽ ലോക്സഭ, നിയമസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. 1988 ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനായി നാമനിർദേശ പത്രിക നൽകിയെങ്കിലും നിരസിക്കപ്പെട്ടു. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആഗ്ര, ഫത്തേപൂർ സിക്രി സീറ്റുകളിൽ നിന്ന് മത്സരിച്ചെങ്കിലും കെട്ടിവെച്ച തുക നഷ്ടപ്പെടുകയാ്യിരുന്നു. 2021ലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചു. 1989ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫിറോസാബാദിൽ മത്സരിച്ചപ്പോൾ 36,000 വോട്ടുകൾ ഹസനുറാമിന് ലഭിച്ചിട്ടുണ്ട്. ഇതുവരെ മത്സരിച്ചതിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചത് ഈ തെരഞ്ഞെടുപ്പിലായിരുന്നു.
പക്ഷപാതരഹിതവും അഴിമതി രഹിതവുമായ വികസനവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമവുമാണ് തെൻറ അജണ്ടയെന്ന് ഹസനുറാം അംബേദ്കരി പറഞ്ഞു. ഭാര്യക്കും അനുയായികൾക്കുമൊപ്പം വീടു വീടാനന്തരം കയറിയുള്ള പ്രചാരണം ഹസനുറാം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

