യു.പിയിലെ മുസ്ലിം വിരുദ്ധ അതിക്രമങ്ങൾ; യോഗി ആദിത്യനാഥിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തണമെന്ന് കാനഡയിലെ മനുഷ്യാവകാശ സംഘടനകൾ
text_fieldsയോഗി ആദിത്യനാഥ്
ഓട്ടോവ: ഉത്തർപ്രദേശിൽ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും ഭരണകൂട അതിക്രമങ്ങളിലും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് കാനഡ സർക്കാരിനോട് ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകൾ. 'ജസ്റ്റിസ് ഫോർ ഓൾ കാനഡ', 'കനേഡിയൻ ഫോറം ഫോർ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഡെമോക്രസി ഇൻ ഇന്ത്യ' എന്നീ സംഘടനകളാണ് ഗ്ലോബൽ അഫയേഴ്സ് കാനഡയുടെ ഉപരോധ ബ്യൂറോയ്ക്ക് സംയുക്തമായി അപേക്ഷ സമർപ്പിച്ചത്.
യോഗി ആദിത്യനാഥിന് പുറമെ സംസ്ഥാനത്തെ നിലവിലെയും മുൻപത്തെയും മുതിർന്ന എട്ട് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് സമർപ്പിച്ച റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, കസ്റ്റഡി പീഡനങ്ങൾ, പ്രതികാര നടപടിയായുള്ള വീട് പൊളിക്കലുകൾ (ബുൾഡോസർ രാജ്), വ്യാപകമായ അറസ്റ്റുകൾ എന്നിവയുൾപ്പെടെ മുസ്ലിം സമൂഹത്തിനെതിരെ ആസൂത്രിത അതിക്രമങ്ങൾ നടത്തുന്നതിൽ ഈ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട് ആരോപിക്കുന്നു.
കാനഡയിലെ 'ജസ്റ്റിസ് ഫോർ വിക്റ്റിംസ് ഓഫ് കറപ്റ്റ് ഫോറിൻ ഒഫീഷ്യൽസ് ആക്ട്' (മാഗ്നിറ്റ്സ്കി നിയമം), 'സ്പെഷ്യൽ ഇക്കണോമിക് മെഷേഴ്സ് ആക്ട്' എന്നിവ പ്രകാരം ഇവരുടെ ആസ്തികൾ മരവിപ്പിക്കാനും യാത്രാവിലക്ക് ഏർപ്പെടുത്താനും നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. ഇന്ത്യയുമായി വ്യാപാര ബന്ധങ്ങൾ വിപുലീകരിക്കുമ്പോൾ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നേരെ കാനഡ കണ്ണടയ്ക്കരുതെന്നും, യു.എൻ വിദഗ്ധരും ആംനസ്റ്റി ഇന്റർനാഷണലും ചൂണ്ടിക്കാണിച്ച മനുഷ്യാവകാശ ലംഘനങ്ങൾ കണക്കിലെടുക്കണമെന്നും 'ജസ്റ്റിസ് ഫോർ ഓൾ കാനഡ' എക്സിക്യൂട്ടീവ് ഡയറക്ടർ താഹ ഗയൂർ വ്യക്തമാക്കി.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉദ്യോഗസ്ഥർക്കുമെതിരായ ഉപരോധ ആവശ്യത്തിന് പുറമെ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ കാനഡ സന്ദർശനത്തിനെതിരെയും മനുഷ്യാവകാശ സംഘടനകൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മോഹൻ ഭാഗവതിന് കാനഡയിലേക്ക് പ്രവേശനം നൽകരുതെന്നും അദ്ദേഹത്തിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് 'ജസ്റ്റിസ് ഫോർ ഓൾ കാനഡ' ഉൾപ്പെടെ ഇരുനൂറിലധികം മനുഷ്യാവകാശ സംഘടനകൾ കനേഡിയൻ സർക്കാരിന് സംയുക്ത നിവേദനം നൽകിയിട്ടുണ്ട്.
യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം, ഹ്യൂമൻ റൈറ്റ്സ് വാച്ച്, പാനൽ ഓഫ് ഇൻഡിപെൻഡന്റ് ഇന്റർനാഷണൽ എക്സ്പെർട്സ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഏജൻസികളുടെ മുൻ റിപ്പോർട്ടുകളും തെളിവുകളായി സംഘടനകൾ കാനഡ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങൾ വർധിച്ചുവരുന്നതിൽ ഈ അന്താരാഷ്ട്ര സംഘടനകൾ നേരത്തെ തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നതായി ഹരജിയിൽ ഓർമ്മിപ്പിക്കുന്നു.
ഇതിനുപുറമെ, വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കനേഡിയൻ പാർലമെന്റ് അംഗങ്ങളെയും ഫെഡറൽ ഉദ്യോഗസ്ഥരെയും നേരിൽ കാണാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള നയതന്ത്ര-വ്യാപാര ചർച്ചകളിൽ മനുഷ്യാവകാശ സംരക്ഷണത്തിന് മുൻഗണന നൽകണമെന്നും, അക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടുന്നത് തടയാൻ അന്താരാഷ്ട്ര തലത്തിലുള്ള ഇത്തരം ഉപരോധങ്ങൾ അനിവാര്യമാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

