സർക്കാർ വിദ്യാലയത്തിൽ മതപരമായ വസ്ത്രമാകാമോ?
text_fieldsന്യൂഡൽഹി: വസ്ത്രധാരണ ചട്ടം മുന്നോട്ടുവെച്ചിട്ടുള്ള സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തിൽ മതപരമായ വസ്ത്രധാരണമാകാമോ? നിഷ്കർഷിച്ച യൂനിഫോം വേണമെന്ന നിബന്ധന വിദ്യാഭ്യാസ അവകാശം നിഷേധിക്കുന്നുണ്ടോ? കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് വിലക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് ശരിവെച്ച ഹൈകോടതി വിധിക്കെതിരായ രണ്ടു ഡസൻ ഹരജികളിൽ വാദം കേട്ടു തുടങ്ങിയപ്പോൾ ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധുലിയ എന്നിവർ ചോദിച്ചു. സ്കൂളിലെ അച്ചടക്കം മാത്രമാണ് വിഷയമെന്നായിരുന്നു കർണാടകക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിന്‍റെ പക്ഷം. ഹിജാബ് ധരിച്ചാൽ സ്കൂളിലെ അച്ചടക്കം ലംഘിക്കപ്പെടുന്നത് എങ്ങനെയാണ്? ജസ്റ്റിസ് ഗുപ്ത തിരിച്ചു ചോദിച്ചു.
പ്രതിഷേധങ്ങൾ ഉയർന്നതായി വിശദീകരിച്ച് അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവാഡ്ഗി പറഞ്ഞു: സർക്കാർ യൂനിഫോം നിർദേശിക്കാറില്ല. അതാത് സ്ഥാപനങ്ങളാണ് നിർദേശിക്കുന്നത്. ചില സ്ഥാപനങ്ങൾ ഹിജാബ് വിലക്കി. ഹിജാബ് ധരിക്കണമെന്നോ വേണ്ടെന്നോ സർക്കാർ പറയുന്നില്ല. നിർദേശിക്കുന്ന യൂനിഫോം ധരിക്കണമെന്നാണ് സർക്കാർ നിലപാട്. ഇസ്ലാമിക മാനേജ്മെന്‍റ് ഹിജാബ് അനുവദിക്കുന്നുണ്ടാകാം. സർക്കാർ അതിൽ ഇടപെടുന്നില്ല. സർക്കാർ കോളജുകളുടെ കാര്യത്തിൽ എന്താണ് നിലപാടെന്ന് കോടതി ചോദിച്ചു. കോളജ് വികസന സമിതിക്ക് തീരുമാനിക്കാമെന്നായിരുന്നു മറുപടി. ഉഡുപ്പിയിലും മറ്റും ഹിജാബ് പറ്റില്ലെന്നായിരുന്നു തീരുമാനം.
ഭരണഘടന വിഷയം ഭരണഘടന ബെഞ്ചിന്‍റെ പരിഗണനക്ക് വിടണമെന്ന് മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. ഒട്ടേറെ സ്ത്രീകളെ ബാധിക്കുന്നതാണ് വിഷയം. സർക്കാർ നിർദേശിക്കുന്ന വസ്ത്രധാരണ ചട്ടം ഏറ്റുവാങ്ങാൻ സ്ത്രീകൾ ബാധ്യസ്ഥരാണോ? സുപ്രീംകോടതിയിൽപോലും പൊട്ടും തലപ്പാവുമായി ജഡ്ജിമാർ വന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
യൂനിഫോമിന്‍റെ അതേ നിറത്തിലുള്ള ശിരോവസ്ത്രമാകാമെന്നായിരുന്നു നേരത്തെ കാഴ്ചപ്പാട്. ഇപ്പോൾ ക്ലാസ് മുറിയിൽ ശിരോവസ്ത്രം പറ്റില്ലെന്നായി. ഹൈകോടതികൾ പൊരുത്തപ്പെടാത്ത വിധികൾ പുറപ്പെടുവിക്കുന്നു. ശിരോവസ്ത്രമാകാമെന്ന് കേരള ഹൈകോടതി പറയുമ്പോൾ, പറ്റില്ലെന്ന് കർണാടക ഹൈകോടതി പറയുന്നു. പല നാഗരികതകളും ഹിജാബ് ഉപയോഗിക്കുന്നതിനാൽ ലോകമെങ്ങും സൂക്ഷ്മമായി നിരീക്ഷിക്കുന്നതാവും സുപ്രീംകോടതി തീരുമാനം.
കേസിന്‍റെ വിശാലമായ തലങ്ങളിലേക്ക് കോടതി പോകേണ്ടതില്ലെന്ന് അഡ്വ. സഞ്ജയ് ഹെഗ്ഡെ വാദിച്ചു. കർണാടക വിദ്യാഭ്യാസ നിയമ പ്രകാരം യൂനിഫോം നിർദേശിക്കാൻ സംസ്ഥാന സർക്കാറിന് അധികാരമുണ്ടോ എന്നുമാത്രം തീരുമാനിച്ചാൽ മതി. വസ്ത്രധാരണ ചട്ടം സർക്കാറിന് ഉണ്ടാക്കാമെന്ന് നിയമത്തിൽ പറയുന്നില്ല. കോളജ് വികസന സമിതിക്കും നിയമപരമായ അധികാരമൊന്നുമില്ല. ദുർബല ജനവിഭാഗത്തിന് വിദ്യാഭ്യാസ പ്രാപ്യത ഉപാധികൾക്ക് വിധേയമാകാമോയെന്നും ഹെഗ്ഡെ ചോദിച്ചു.
മതം വ്യക്തമാക്കുന്ന യൂനിഫോം പാടില്ലെന്ന സർക്കാർ ഉത്തരവിന്‍റെ ദോഷഫലം ഏറ്റവും കൂടുതൽ മുസ്ലിം വിദ്യാർഥിനികളാണ് അനുഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേസിൽ ബുധനാഴ്ച വാദം തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

