പ്രധാനമന്ത്രി നരേന്ദ്രമോദിയാണോ ഇന്ത്യയിലെ അടുത്ത ബഹിരാകാശ സഞ്ചാരി; നാസ മേധാവിയുടെ മറുപടി ഇതാ...
text_fieldsന്യൂയോർക്: രാഷ്ട്രീയനേതാവിനെയും കൊണ്ട് ബഹിരാകാശത്തേക്ക് പറക്കുക എന്നത് വലിയൊരു അനുഭവമായിരിക്കുമെന്ന് നാസ മേധാവി ബിൽ നെൽസൺ. രണ്ടാഴ്ച നീളുന്ന ബഹിരാകാശ ദൗത്യത്തിനായി ഒരു ഇന്ത്യൻ ബഹിരാവകാശ സഞ്ചാരിക്ക് പരിശീലനം നൽകുമെന്നും നാസ വ്യക്തമാക്കി. അടുത്ത വർഷം അവസാനത്തോടെയായിരിക്കും യാത്ര. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി അടിസ്ഥാന ബഹിരാകാശ യാത്രിക പരിശീലനം നേടിയ നാലുപേരിൽ നിന്നായിരിക്കും തിരഞ്ഞെടുപ്പ്.
പ്രധാനമന്ത്രിയായിരിക്കുമോ ആ ബഹിരാകാശ സഞ്ചാരി എന്ന ചോദ്യത്തിനും നാസ മേധാവി മറുപടി നൽകി. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ മോദി ബഹിരാകാശവാഹനത്തിൽ സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു ബഹിരാകാശ യാത്ര പ്രേമിയാണെന്നും നെൽസൺ പറഞ്ഞു.
രാഷ്ട്രീയക്കാരെയും കൊണ്ട് (പ്രത്യേകിച്ച് അതൊരു രാഷ്ട്രത്തലവനാണെങ്കിൽ കൂടുതൽ രസകരമായിരിക്കും)ബഹിരാകാശ യാത്ര നടത്തുക എന്നത് വളരെ രസകരമായ ഒരു കാര്യമാണ്. ബഹിരാകാശത്ത് ഒരു തരത്തിലുമുള്ള രാഷ്ട്രീയ അതിർത്തികളില്ല. മതപരമായ വേർതിരിവുകളില്ല. വംശീയ തരംതിരിവുകളുമില്ല. എല്ലാവരും ഭൂമിയിലെ പൗരൻമാർ മാത്രം.-അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഡൽഹിയിൽ സംസാരിക്കുന്നതിനിടെയാണ് ബിൽ നെൽസൺ ഇക്കാര്യം അറിയിച്ചത്. നാസയും ഐ.എസ്.ആർ.ഒയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സമ്മേളനങ്ങൾക്കും മറ്റ് പരിപാടികൾക്കുമായി ഒരാഴ്ച നീളുന്ന ഇന്ത്യൻ സന്ദർശനമാണ് അദ്ദേഹം നടത്തുന്നത്. ഇന്ത്യയെ ഭാവിയിലെ മഹത്തായ പങ്കാളിയെന്നും നെൽസൺ വിശേഷിപ്പിച്ചു. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങുമായി ബിൽ നെൽസൺ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ഇന്ത്യ സ്വന്തം ബഹിരാകാശ നിലയം 2035 ഓടെ തുറക്കുമെന്നത് ഉൾപ്പെടെയുള്ള സ്വപ്നങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു. 2024ഓടെ മനുഷ്യരെ ചന്ദ്രനിലേക്ക് അയക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുമെന്നും ബിൽ നെൽസൺ അറിയിച്ചു.
അടുത്തിടെ ചന്ദ്രയാൻ 2 ദൗത്യം വിജയകരമായി പൂർത്തിയാക്കിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 2040 ആകുമ്പോഴേക്കും ചന്ദ്രനിൽ മനുഷ്യനെ ഇറക്കുമെന്നും സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഗഗൻയാൻ ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കും പിന്നാലെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

