‘ആർ.എസ്.എസുകാരായ പത്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് പറയാനാവുമോ നിങ്ങൾക്ക്?’ -മോഹൻ ഭാഗവതിനെ വെല്ലുവിളിച്ച് പ്രിയങ്ക് ഖാർഗെ
text_fieldsമോഹൻ ഭാഗവത്, പ്രിയങ്ക് ഖാർഗെ
ന്യൂഡൽഹി: രൂപീകരണത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ആർ.എസ്.എസ് രാജ്യത്തിന്റെ സ്വാതന്ത്ര്യ പോരാട്ടത്തിൽ വഹിച്ച പങ്കിനെ ചോദ്യ മുനയിൽ നിർത്തി കോൺഗ്രസ് നേതാവും, കർണാടക ഐ.ടി-ഗ്രാമ വികസന മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ. ഞായറാഴ്ച കൊൽക്കത്തയിൽ നടന്ന ആർ.എസ്.എസ് വ്യാഖ്യാൻ മാല പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പ്രിയങ്ക് ഖാർഗെ ‘എക്സ്’ പ്ലാറ്റ്ഫോമിൽ പരസ്യവെല്ലുവിളിയുമായി ചോദ്യമുന്നയിച്ചത്.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ഭാഗമായി 25 ദേശീയ നേതാക്കളുടെ പേര് പങ്കുവെച്ച പ്രിയങ്ക് ഖാർഗെ, ആർ.എസ്.എസുകാരായ 10 സ്വാതന്ത്രസമര പോരാളികളുടെ പേര് പറയാമോ എന്ന് മോഹൻ ഭവഗവതിനെ വെല്ലുവിളിച്ചു.
വിവിധ ആശയധാരയിൽ നിന്നുകൊണ്ട്, ഇന്ത്യൻ സ്വാതന്ത്ര്യം എന്ന ഒരോ ലക്ഷ്യത്തിനായി പോരാടിയ നേതാക്കളുടെ ചെറു പട്ടികയാണ് മുകളിൽ നൽകിയതെന്നു പറഞ്ഞാണ് പ്രിയങ്ക് ഖാർഗെ 25 പേരുകൾ പങ്കുവെച്ചത്. മഹാത്മാ ഗാന്ധിയിൽ തുടങ്ങി, ജവഹർ ലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ, സുഭാഷ് ചന്ദ്രബോസ്, ബി.ആർ അംബേദ്കർ, ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, ഉദ്ദം സിങ്, ബാല ഗംഗാധര തിലക്, ലാല ലജ്പത് റായ്, ഗോപാൽ കൃഷ്ണ ഗോഖലെ, മൗലാന അബുൽ കലാം ആസാദ്, ഡോ. രാജേന്ദ്ര പ്രസാദ്, സരോജിനി നായിഡു, അരുണ ആസഫ് അലി, ഖാൻ അബ്ദുൽ ഗാഫർഖാൻ, ദാദാഭായ് നവ്റോജി, മദാംഗിനി ഹസ്റ, ശിവറാം രാജ്ഗുരു, സി. രാജഗോപാലചാരി, മാഡം ഭികാജി കാമ, ഹൻസ മെഹ്ത, അഷ്ഫഖുല്ല ഖഖാൻ, സർദാർ ഉദ്ദം സിങ്, അല്ലൂരി സിതാറാം രാജു എന്നിങ്ങനെ 25 പേരാണ് പട്ടികയിലുള്ളത്.
രാജ്യത്തിനായി സ്വാതന്ത്ര പോരാട്ടത്തിൽ പങ്കുവഹിച്ച 10 ആർ.എസ്.എസുകാരുടെ പേരുകൾ പറയാമോ എന്ന് മോഹൻ ഭഗവതിനോട് പ്രിയങ്ക് ഖാർഗെ വെല്ലുവിളിച്ചു.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ കൂടിയായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി പോസ്റ്റിനോട് വലിയ പ്രതികരണമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലങ്ങളിൽ ബ്രിട്ടീസ് സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തു, ഭഗത് സിങ്ങിനെ വിമർശിച്ചും, കലാപത്തിന് നേതൃത്വം നൽകിയും പ്രവർത്തിച്ചുവെന്ന് ഒരു കമന്റിൽ വിമർശിക്കുന്നു. 1947ന് ശേഷം ഗാന്ധി വധം മുതൽ വി.ഡി സവർക്കറെ ദേശീയ നേതാവായി ഉയർത്തികാട്ടി ചരിത്രം വളച്ചൊടിക്കുന്നത് വരെ പോസ്റ്റിൽ ചൂണ്ടികാട്ടുന്നു.
ആർ.എസ്.എസ് മുസ്ലിം വിരുദ്ധരല്ല; ഇന്ത്യ ഹിന്ദു രാഷ്ട്രം -മോഹൻ ഭാഗവത്
കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും പൂർവ്വികരുടെ മഹത്വത്തെയും ആളുകൾ ആഘോഷിക്കുന്നിടത്തോളം കാലം രാജ്യം ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃഭൂമിയായി കാണുന്ന, ഇന്ത്യൻ സംസ്‌കാരത്തെ വിലമതിക്കുന്ന, ഇന്ത്യൻ പൂർവ്വികരുടെ മഹത്വത്തിൽ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്ന ഒരൊറ്റയാൾ ഹിന്ദുസ്ഥാന്റെ മണ്ണിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്’ -അദ്ദേഹം പറഞ്ഞു.
പാർലമെന്റ് ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന് ഞങ്ങൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ആർ.എസ്.എസ് മുസ്‍ലിം വിരുദ്ധ സംഘടനയല്ല. ഹിന്ദു സംരക്ഷണവും പരിഷ്‍കരണവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംഘടനയാണ്. ആർ.എസ്.എസ് പ്രവർത്തനം എന്നും സുതാര്യമാണ്. നിങ്ങൾക്ക് എപ്പോഴും എവിടെയും വന്ന് നേരിട്ട് കാണാനും അറിയാനും സാധിക്കും -മോഹൻ ഭാഗവത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

