മോദിക്ക് ഈ അഞ്ച് കാര്യങ്ങൾ ചെയ്യാൻ കഴിയുമോ? ഒരു വലിയ ‘നോ’ ആണ് ഉത്തരം -ശ്രീവത്സ
text_fieldsബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഞ്ച് കാര്യങ്ങളിൽ വെല്ലുവിളിച്ച് യൂത്ത് കോൺഗ്രസ് ദേശീയ നേതാവ് ശ്രീവത്സ. ഈ കാര്യങ്ങൾ മോദിക്ക് ചെയ്യാൻ കഴിയില്ലെന്നും അവയുടെ ഓരോന്നിന്റെയും ഉത്തരം ഒരു വലിയ ‘നോ’ ആണെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. മോദിയുടെ തനിസ്വരൂപം എളുപ്പത്തിൽ വെളിപ്പെടാൻ ടെലിപ്രോംപ്റ്റർ എടുത്തുമാറ്റി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രേരിപ്പിച്ചാൽ മതിയെന്നും അദ്ദേഹം പരിഹസിച്ചു.
ശ്രീവത്സയുടെ വെല്ലുവിളി വായിക്കാം:
- രാഹുൽ ഗാന്ധിയെ പോലെ ഇന്ത്യയിൽ ഒരു വാർത്താസമ്മേളനം നടത്താൻ മോദിക്ക് കഴിയുമോ?
- രാഹുൽ ഗാന്ധി ചെയ്യുന്നതുപോലെ മോദിക്കും യുഎസിലും യുകെയിലും ഒരു വാർത്താസമ്മേളനം നടത്താൻ കഴിയുമോ?
- രാഹുൽ ഗാന്ധി ചെയ്യുന്നതുപോലെ ടെലിപ്രോംപ്റ്റർ ഇല്ലാതെ മോദിക്ക് സ്റ്റാൻഫോർഡിൽ പ്രസംഗിക്കാൻ കഴിയുമോ?
- രാഹുൽ ഗാന്ധിയെ പോലെ ഇന്ത്യൻ പ്രവാസി സമൂഹത്തോട് ടെലിപ്രോംപ്റ്റർ ഇല്ലാതെ സംസാരിക്കാൻ മോദിക്ക് കഴിയുമോ?
- രാഹുൽ ഗാന്ധി പറയുന്നതുപോലെ വിദേശനയത്തെയും സമ്പദ്‌വ്യവസ്ഥയെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ മോദിക്ക് കഴിയുമോ?
മുകളിലുള്ള ഓരോന്നിന്റെയും ഉത്തരം ഒരു വലിയ ‘നോ’ ആണ്. മോദിക്ക് അതിന് കഴിയില്ല.
മോദി മികച്ച പ്രാസംഗികനാണെന്നത് മിഥ്യയാണ്. ടെലിപ്രോംപ്റ്റർ എടുത്തുമാറ്റി അദ്ദേഹത്തെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ പ്രേരിപ്പിച്ചുനോക്കൂ, അദ്ദേഹത്തിന്റെ തനിസ്വരൂപം എളുപ്പത്തിൽ വെളിപ്പെടും (ഗട്ടർ ഗ്യാസ്, 2AB, കാലാവസ്ഥാ വ്യതിയാനം ഇല്ല, ഫോട്ടോജെനിക് മെമ്മറി തുടങ്ങിയവ ഉദാഹരണം).
ദേശീയ, അന്തർദേശീയ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ അഭിമുഖീകരിക്കുകയും ടെലിപ്രോംപ്റ്റർ ഇല്ലാതെ മുൻനിര സർവകലാശാലകളിൽ പ്രസംഗങ്ങൾ നടത്തുകയും സാധാരണക്കാരുടെ ചോദ്യങ്ങൾക്ക് വരെ ഉത്തരം നൽകുകയും അവരിൽ നിന്ന് കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന രാഹുൽ ഗാന്ധിയുമായി മോദിയെ താരതമ്യം ചെയ്ത് നോക്കൂ.
ഗോദിമീഡിയ ഊതിവീർപ്പിച്ച മോദിയുടെ പിആർ കുമിള യാഥാർത്ഥ്യമല്ലെന്നും പ്രധാനമന്ത്രിയുടെ കഴിവുകേട് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും അപകടത്തിലാക്കിയിരിക്കുകയാണെന്നും ആളുകൾക്ക് നന്നായി മനസ്സിലായിതുടങ്ങിയിട്ടുണ്ട്. എല്ലായിടത്തുമുള്ള ഇന്ത്യക്കാർ രാഹുൽ ഗാന്ധിയുടെ ആത്മാർത്ഥതയെയാണ് ഇഷ്ടപ്പെടുന്നത്. ബി.ജെ.പി അദ്ദേഹത്തെ ആക്രമിക്കുന്തോറും അദ്ദേഹം കൂടുതൽ ശക്തനാകുകയും ജനപ്രിയനാകുകയും ചെയ്യുന്നു. ആയിരക്കണക്കിന് കോടി ചെലവഴിച്ച് രാഹുലിനെതിരെ ബിജെപി നടത്തുന്ന വ്യാജപ്രചാരണം ഇപ്പോൾ വിപരീതഫലമാണ് ഉളവാക്കുന്നത്.
ഭാരത് ജോഡോ യാത്രയും മോദിയുടെ കോർപറേറ്റ് ചങ്ങാത്തം രാഹുൽ ഗാന്ധി തുറന്നുകാട്ടുന്നതും എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതും ബി.ജെ.പി എന്തിനാണ് അദ്ദേഹത്തെ ടാർഗറ്റ് ചെയ്യുന്നത് എന്ന് ഇന്ത്യക്കാരെ ബോധ്യപ്പെടുത്തി. ബി.ജെ.പിക്ക് രാഹുലിനെ ഭയമാണെന്ന് അവർക്കറിയാം.
സമീപകാലത്ത് രാജ്യവ്യാപകമായി നടന്ന സർവേകളെല്ലാം രാഹുൽ ഗാന്ധിയുടെ വർധിച്ചുവരുന്ന ജനപ്രീതിയിലേക്കാണ് വിരൽചൂണ്ടുന്നത്. ഇന്ത്യൻ വോട്ടർമാർക്കിടയിൽ- പ്രത്യേകിച്ച് പാവപ്പെട്ടവർ, യുവാക്കൾ, സ്ത്രീകൾ എന്നിവരിൽ- അദ്ദേഹത്തിന്റെ ജനപ്രീതി ഉയരുകയാണ്. എന്നാൽ, മാധ്യമങ്ങൾ അത് വാർത്തയാക്കുന്നില്ല. ദരിദ്രരെയും യുവാക്കളെയും അദ്ദേഹം മാത്രമാണ് കേൾക്കുന്നത്. ജനങ്ങൾക്ക് സൗകര്യപ്രദമായ ഇടങ്ങളിൽ പോയി അദ്ദേഹം അവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. ഇത്തരം യോഗങ്ങൾ കർണാടകയിലെ പ്രകടന പത്രികയും രൂപപ്പെടുത്തുന്നതിൽ സഹായിച്ചു. കർണാടക തെരഞ്ഞെടുപ്പ് ഒരു തുടക്കം മാത്രമാണ്. 2024ൽ ബി.ജെ.പിയുടെ കഴിവുകെട്ടതും സ്വേച്ഛാധിപത്യപരവുമായ ഭരണത്തിന് അന്ത്യമാകും.