ആധാർ ഉള്ള വിദേശീയരെ വോട്ട് ചെയ്യാൻ അനുവദിക്കുമോ? എസ്.ഐ.ആറിനെതിരായ ഹരജിയിൽ സുപ്രീംകോടതി
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലുടനീളം നടക്കുന്ന വോട്ടർ പട്ടിക തീവ്ര പരിഷ്‍കരണം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിൽ സുപ്രീംകോടതി അന്തിമ വാദം കേൾക്കൽ തുടങ്ങി. പൗരത്വത്തെ ചോദ്യം ചെയ്യാനാവാത്ത തെളിവായി ആധാറിനെ കണക്കാക്കാൻ സാധിക്കില്ലെന്ന് ഹരജികൾ പരിഗണിക്കരെ സുപ്രീംകോടതി വ്യക്തമാക്കി.
വോട്ടർ പട്ടികയിൽ രജിസ്റ്റർ ചെയ്യാൻ ഉപയോഗിച്ചിരുന്ന ഫോം ആറിലെ എൻട്രികളുടെ കൃത്യത നിർണയിക്കാൻ പോളിങ് പാനലിന് അന്തർലീനമായ അധികാരം ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് അടിവരയിട്ടു. ആധാറിന്റെ ഉദ്ദേശ്യം പരിമിതമാണെന്നും ജഡ്ജിമാർ ആവർത്തിച്ചു വ്യക്തമാക്കി. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള ഒരു രേഖയാണ് ആധാർ. റേഷൻ കിട്ടാനായി ആധാർ അനുവദിച്ചു എന്നത് കൊണ്ടുമാത്രം അയാൾ വോട്ടർ ആകണമെന്നില്ല. അയൽരാജ്യത്ത് നിന്നുള്ളയാളും തൊഴിലാളിയായി ജോലി ചെയ്യുന്നയാളുമായ ഒരാൾക്ക് വോട്ട് ചെയ്യാൻ അനുവാദമുണ്ടോയെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു പോസ്റ്റ് ഓഫിസാണെന്ന് പറയണമെന്ന് നിർദേശിക്കാൻ സാധിക്കില്ല. സമർപ്പിക്കുന്ന ഫോം ആറ് സ്വീകരിക്കുകയും നിങ്ങളുടെ പേര് ഉൾപ്പെടുത്തുകയും വേണമെന്നും ബെഞ്ച് നിർദേശിച്ചു.
എസ്.ഐ.ആർ പ്രക്രിയ സാധാരണ വോട്ടർമാരുടെ മേൽ ഭരണഘടന വിരുദ്ധമായ ഭാരം അടിച്ചേൽപിക്കുന്നു എന്നായിരുന്നു വിവിധ ഹരജിക്കാരെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചത്. അവരിൽ പലരും രേഖകൾ തയാറാക്കാൻ ബുദ്ധിമുട്ടുകയും വോട്ടർ പട്ടിയിൽ നിന്ന് പേര് നീക്കം ചെയ്യാനുള്ള സാധ്യത ലിസ്റ്റിൽ പെട്ടവരും ആയേക്കാം. അതിനാൽ ഈ പ്രക്രിയ ജനാധിപത്യത്തെ ബാധിക്കുന്നുവെന്നും കപിൽ സിബൽ ഊന്നിപ്പറഞ്ഞു.
എന്നാൽ ഇത്തരമൊരു പുനഃപരിശോധന ഇതിനുമുമ്പ് ഒരിക്കലും നടത്തിയിട്ടില്ലെന്ന വാദം തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരത്തെ ദുർബലപ്പെടുത്താൻ ഉപയോഗിക്കാനാവില്ലെന്ന് സുപ്രീംകോടതി ബെഞ്ച് നിരീക്ഷിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഏതെങ്കിലും വോട്ടർ പട്ടിക നീക്കം ചെയ്യുന്നതിന് മുമ്പ് ഉചിതമായ അറിയിപ്പ് നൽകണമെന്നും സുപ്രീംകോടതി പറഞ്ഞു. ഡിസംബർ ഒന്നിനകം തമിഴ്നാടിന്റെ ഹരജികളിൽ തെരഞ്ഞെടുപ്പ് കമീഷൻ മറുപടി നൽകണം. കേരളത്തിൽ നിന്നുള്ള ഹരജികൾ ഡിസംബർ രണ്ടിനാണ് പരിഗണിക്കുക. പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിനിടെ ബൂത്ത്തല ഓഫിസർമാർ ജീവനൊടുക്കിയെന്ന കേസുകൾ സുപ്രീംകോടതി ഡിസംബർ ഒമ്പതിന് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

