പോരാടുന്നത് അദൃശ്യനായ ശത്രുവിനോട്; ദുരിതത്തിലായ ജനങ്ങളുടെ വേദന തനിക്കറിയാമെന്ന് മോദി
text_fieldsന്യൂഡൽഹി: കോവിഡെന്ന അദൃശ്യനായ ശത്രുവിനോടാണ് ഇന്ത്യയുടെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗം മൂലം ദുരിതത്തിലായവരുടെ വേദന തനിക്കറിയാമെന്നും മോദി പറഞ്ഞു. ഒരു ഓൺലൈൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുേമ്പാഴാണ് മോദി വീണ്ടും കോവിഡിനെ കുറിച്ച് പ്രതികരിച്ചത്.
കൊറോണ വൈറസ് മൂലം നമുക്ക് അടുത്ത പരിചയമുള്ള പലരേയും നഷ്ടമായി. രാജ്യത്തെ പൗരൻമാർ അനുഭവിക്കുന്ന വേദന എനിക്കറിയാം. പൗരൻമാരുടെ അതേ വേദന താനും അനുഭവിക്കുന്നുണ്ടെന്ന് മോദി പറഞ്ഞു. അദൃശ്യനായ ശത്രുവിനോടാണ് നാം പോരാടുന്നത്. വൈറസിന് നിരവധി തവണ ജനിതക വകഭേദം സംഭവിച്ച് കഴിഞ്ഞു. 100 വർഷത്തിനിടയിലെ ഏറ്റവും വലിയ പകർച്ചവ്യാധിയിലൂടെയാണ് ലോകം കടന്നു പോകുന്നതെന്നും മോദി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ജനങ്ങൾക്കും വാക്സിൻ നൽകാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ത്വരിതപ്പെടുത്തും. ഇതുവരെ 18 കോടി പേർക്ക് വാക്സിൻ നൽകിയിട്ടുണ്ട്. സർക്കാർ ആശുപത്രികൾ സൗജന്യമായാണ് വാക്സിൻ നൽകുന്നത്. നിങ്ങളുടെ അവസരം വരുേമ്പാൾ വാക്സിൻ എടുക്കണം. വാക്സിൻ കോവിഡിനെതിരെയുള്ള പ്രതിരോധ കവചമാണ്. എന്നാൽ, വാക്സിനെടുത്ത ശേഷവും മാസ്ക്, സാമൂഹിക അകലം എന്നിവ മറക്കരുതെന്നും മോദി ഓർമിപ്പിച്ചു.
കോവിഡ് പ്രതിരോധത്തിൽ കേന്ദ്രസർക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രതികരണം. രണ്ടാം തരംഗം ഉണ്ടാവുന്നത് മുൻകൂട്ടി കണ്ട് പ്രതിരോധം ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

