'വാദമുഖങ്ങൾ തയാറാക്കാം, വിധി പ്രസ്താവിക്കാനാവില്ല'; കോടതി രേഖകളിൽ എ.ഐ ഉപയോഗിച്ചാൽ വെളിപ്പെടുത്തണമെന്ന് സുപ്രീം കോടതി
text_fieldsന്യൂഡൽഹി: രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ എ.ഐ സാങ്കേതികവിദ്യയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സമഗ്രമായ കരട് മാർഗ്ഗരേഖ സുപ്രീം കോടതി പുറത്തിറക്കി. കോടതി നടപടികളിൽ എ.ഐക്ക് സഹായിക്കാൻ സാധിക്കുമെങ്കിലും, ഒരിക്കലും ജഡ്ജിമാർക്ക് പകരമാവാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
'കോടതികളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗത്തിനായുള്ള ചട്ടങ്ങൾ-2026' എന്ന പേരിലുള്ള ഈ കരട് നയം അനുസരിച്ച്, നിയമപരമായ ഗവേഷണങ്ങൾ, രേഖകൾ തയാറാക്കൽ, പരിഭാഷ, കോടതി ഭരണനിർവഹണം എന്നിവക്ക് എ.ഐ ഉപയോഗിക്കാം. എന്നാൽ കേസുകളിൽ വിധി പറയുന്നതിനോ, ജാമ്യം അനുവദിക്കുന്നതിനോ, സാക്ഷികളുടെ വിശ്വാസ്യത അളക്കുന്നതിനോ എ.ഐ ടൂളുകൾ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. സുപ്രീം കോടതിയുടെ എ.ഐ കമ്മിറ്റി തയാറാക്കിയ ഈ കരട് ചട്ടങ്ങളിൽ ജൂൺ 20 വരെ പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം.
പുതിയ നിർദ്ദേശപ്രകാരം അഭിഭാഷകരും ഹരജിക്കാരും തങ്ങളുടെ വാദമുഖങ്ങളോ തെളിവുകളോ മറ്റ് നിയമപരമായ രേഖകളോ തയാറാക്കാൻ എ.ഐ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ, അത് ഫയൽ ചെയ്യുന്ന സമയത്ത് തന്നെ കോടതിയെ നിർബന്ധമായും അറിയിക്കണം. ഏത് എ.ഐ പ്ലാറ്റ്‌ഫോമാണ് ഉപയോഗിച്ചതെന്നും അതിന്റെ കൃത്യത ഉറപ്പാക്കാൻ എന്തൊക്കെ പരിശോധനകൾ നടത്തിയെന്നും വ്യക്തമാക്കാൻ കോടതിക്ക് ആവശ്യപ്പെടാം.
എ.ഐ വരുത്തുന്ന പിഴവുകൾ ഒരു ഒഴികഴിവായി സ്വീകരിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എ.ഐ നിർമിതമായ വിവരങ്ങൾ തെറ്റോ വ്യാജമോ ആണെന്ന് കണ്ടെത്തിയാൽ, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം അത് സമർപ്പിച്ച വ്യക്തിക്കായിരിക്കും.
'ഹ്യൂമൻ പ്രൈമസി' അഥവാ മനുഷ്യന്റെ മുൻഗണന എന്ന തത്വമാണ് സുപ്രീം കോടതി ഇവിടെ മുന്നോട്ടുവെക്കുന്നത്. നിയമപരമായോ വസ്തുതാപരമായോ ഉള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ജഡ്ജിമാർക്ക് മാത്രമായിരിക്കും. എ.ഐ നൽകുന്ന വിവരങ്ങൾ ഉപദേശ സ്വഭാവമുള്ളവ മാത്രമായിരിക്കും. അവ സ്വതന്ത്രമായി പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമേ കോടതി നടപടികൾക്കായി ഉപയോഗിക്കാവൂ.
കോടതികളിൽ ഉപയോഗിക്കുന്ന എല്ലാ എ.ഐ ടൂളുകളും വർഷത്തിൽ ഒരിക്കലെങ്കിലും സാങ്കേതികവും ധാർമ്മികവുമായ ഓഡിറ്റിങ്ങിന് വിധേയമാക്കണം. ഇതിനായി സുപ്രീം കോടതി തലത്തിൽ സ്ഥിരം എ.ഐ അതോറിറ്റിയും പ്രത്യേക എ.ഐ സെക്രട്ടേറിയറ്റുകളും രൂപീകരിക്കും.
ഡിജിറ്റൽ വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം (DPDP Act, 2023) അനുസരിച്ചായിരിക്കണം എ.ഐയുടെ പ്രവർത്തനം. കോടതിയിലെ അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ അനുമതിയില്ലാതെ പുറത്തുപോകരുതെന്നും സ്വകാര്യ കമ്പനികൾക്ക് ഈ ഡാറ്റ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അധികാരമില്ലെന്നും കരട് ചട്ടങ്ങൾ വ്യക്തമാക്കുന്നു. സാങ്കേതികവിദ്യയെ പ്രോത്സാഹിപ്പിക്കുമെങ്കിലും, അന്തിമ അധികാരം മനുഷ്യരായ ജഡ്ജിമാർക്ക് തന്നെയായിരിക്കുമെന്നാണ് സുപ്രീം കോടതി അടിവരയിട്ടു പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

