‘മുംബൈയും മഹാരാഷ്ട്രയും ബി.ജെ.പി വിഴുങ്ങുന്നു’; മാറ്റം കൊണ്ടുവരാൻ എം.എൻ.എസുമായി സഖ്യത്തിന് തയാറെന്ന് ആദിത്യ താക്കറെ
text_fieldsമുംബൈ: മഹാരാഷ്ട്രയുടെയും മറാഠികളുടെയും താൽപര്യം സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ഏത് പാർട്ടിയുമായും സഖ്യത്തിന് തയാറാണെന്ന് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് ആദിത്യ താക്കറെ. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുമായി (എം.എൻ.എസ്) ഉദ്ധവ് വിഭാഗം ശിവസേന അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ആദിത്യ താക്കറെയുടെ പരാമർശം. മുംബൈയും മഹാരാഷ്ട്രയും ബി.ജെ.പി ‘വിഴുങ്ങുകയാണെ’ന്നും അനീതിയാണവർ നടപ്പാക്കുന്നതെന്നും താക്കറെ ഞായറാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചു.
“ഞങ്ങൾ തുടർച്ചയായി ഇക്കാര്യം പറയുന്നുണ്ട്. മഹാരാഷ്ട്രയുടെയും മറാഠികളുടെയും താൽപര്യം സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന ഏത് പാർട്ടിയുമായും ഞങ്ങൾ സഖ്യത്തിന് തയാറാണ്. മാറ്റം കൊണ്ടുവരികയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. അതിനായി ഒന്നിച്ചുനിന്നു പോരാടാൻ തയാറുള്ള ഏത് പാർട്ടിക്കും ഞങ്ങൾക്കൊപ്പം കൂടാം” -എം.എൻ.എസുമായുള്ള സഖ്യസാധ്യതയെ കുറിച്ചുള്ള ചോദ്യത്തോട് മുൻ മന്ത്രി കൂടിയായ ആദിത്യ പ്രതികരിച്ചു.
നേരത്തെ രണ്ട് പതിറ്റാണ്ടായി അകന്നുനിൽക്കുന്ന രാജ് താക്കറെയുമായി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തിയത് വലിയ വാർത്തയായിരുന്നു. മറാഠികളുടെ താൽപര്യത്തിനായി വീണ്ടും ഒന്നിക്കാൻ തയാറാണെന്ന് രാജ് താക്കറെയയും മഹാരാഷ്ട്രക്കെതിരെ നിൽക്കുന്നവരോട് പോരാടാൻ സഖ്യമാകാമെന്ന് ഉദ്ധവ് താക്കറെയും പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

