കാമ്പസ് രാഷ്ട്രീയ നിരോധനം : ഉത്തരവ് ഹൈകോടതി അസാധുവാക്കി
text_fieldsകൊച്ചി: കാമ്പസ് രാഷ്ട്രീയം നിരോധിച്ച ഇടക്കാല ഉത്തരവ് ഹൈകോടതി അസാധുവാക്കി. കാമ്പസ് രാഷ്ട്രീയത്തിനെതിരായി പൊന്നാനി എം.ഇ.എസ് കോളജ് സമർപ്പിച്ച ഹരജി പിൻവലിച്ചതോടെയാണ് ഉത്തരവ് അസാധുവാക്കിയത്. പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുത്തുവെന്നും കോളജിൽ ഇപ്പോൾ രാഷ്ട്രീയമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് എം.ഇ.എസ് അധികൃതർ ഹരജി പിൻവലിച്ചത്.
അക്രമ സംഭവങ്ങളെത്തുടർന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ നിരാഹാരം നടത്തിയതോടെയാണ് എം.ഇ.എസ് അധികൃതർ കോടതിെയ സമീപിച്ചത്. തുടർന്ന് കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ടെന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കലാലയങ്ങൾ രാഷ്ട്രീയപ്രവർത്തനത്തിനുള്ള വേദിയല്ല. പഠിപ്പിക്കാനും പഠിക്കാനും കോളജുകളിലെത്തുന്നവർ ആ ജോലി ചെയ്യണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാർഥിപ്രസ്ഥാനങ്ങൾ ഹൈജാക്ക് ചെയ്യുന്ന അവസ്ഥ ഉണ്ടാവരുതെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ഉന്നത രാഷ്ട്രീയക്കാരുടെ മക്കളെ നാടിന് പുറത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിട്ട് എല്ലാ സൗകര്യങ്ങളോടെയും പഠിപ്പിക്കുകയാണെന്നും സാധാരണ വിദ്യാർഥികൾ ചെഗുവേരയുടെ ചിത്രമുള്ള ഷർട്ടുമിട്ട് വിപ്ലവത്തിന് ശ്രമിക്കുകയാണെന്നും കോടതി പറഞ്ഞിരുന്നു. സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള കേരളം ഉന്നത വിദ്യാഭ്യാസരംഗത്തും ഒന്നാം സ്ഥാനത്ത് വരേണ്ടതായിരുന്നു. അതുണ്ടാകാത്തതിന് ആരാണ് ഉത്തരവാദിയെന്ന് ചിന്തിക്കണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.