Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിലെത്തിയത്...

ഇന്ത്യയിലെത്തിയത് വെറും രണ്ടുവീതം ഷർട്ടും ട്രൗസറുമായി, കോടികളുടെ ആഡംബരം ഉപേക്ഷിച്ച സ്വിസ് യുവതി പീന്നീട് ബംഗാളിൽ തീർത്തത് ചരി​ത്രം, ഗ്രാമീണരെ ഞെട്ടിച്ച ആ മാറ്റം ഇങ്ങനെ!

text_fields
bookmark_border
ഇന്ത്യയിലെത്തിയത് വെറും രണ്ടുവീതം ഷർട്ടും ട്രൗസറുമായി, കോടികളുടെ ആഡംബരം ഉപേക്ഷിച്ച സ്വിസ് യുവതി പീന്നീട് ബംഗാളിൽ തീർത്തത് ചരി​ത്രം, ഗ്രാമീണരെ ഞെട്ടിച്ച ആ മാറ്റം ഇങ്ങനെ!
cancel

കൊൽക്കത്ത: സ്വിറ്റ്‌സർലൻഡിലെ സൂറിച്ചിൽ ജനിച്ചുവളർന്ന്, ഉയർന്ന കോർപ്പറേറ്റ് ഉദ്യോഗവും സാമ്പത്തിക ഭദ്രതയും ആഡംബര ജീവിതവും ആസ്വദിച്ചിരുന്ന ഒരു യുവതി. 15 വർഷങ്ങൾക്ക് മുമ്പ് അവൾ കരിയറും സമ്പാദ്യവും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ഒരു വൺ-വേ ടിക്കറ്റെടുത്തു. ലക്ഷ്യം ഒന്ന് മാത്രം -ജീവിതത്തിന്റെ യഥാർഥ അർഥവും നിയോഗവും കണ്ടെത്തുക. സ്വിസ് സ്വദേശിയായ സാന്ദ്ര ലാവി ഗോജ്കോവിച്ചിന്റെ ഈ അസാധാരണ ജീവിതയാത്ര ഇന്ന് പശ്ചിമ ബംഗാളിലെ ഒരു ഉൾനാടൻ ഗ്രാമത്തെയും ആയിരക്കണക്കിന് കുട്ടികളുടെ ജീവിതത്തെയുമാണ് മാറ്റിമറിച്ചിരിക്കുന്നത്.

കോർപ്പറേറ്റ് ബോർഡ്രൂമുകളിൽനിന്ന് ഗ്രാമീണ ക്ലാസ് മുറികളിലേക്കുള്ള സാന്ദ്രയുടെ ഈ മാറ്റം ഇൻസ്റ്റാഗ്രാമിലൂടെ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തിയതോടെയാണ് ലോകം ഈ മാതൃകാപരമായ ജീവിതകഥ അറിഞ്ഞത്.

ലോകത്തിലെ ഏറ്റവും ധനികമായ നഗരങ്ങളിലൊന്നായ സൂറിച്ചിലായിരുന്നു സാന്ദ്രയുടെ കുട്ടിക്കാലം. മാതാപിതാക്കൾ നൽകിയ യാത്രാവസരങ്ങളാണ് ലോകത്തിലെ വിവിധ സംസ്കാരങ്ങളെയും യാഥാർഥ്യങ്ങളെയും കുറിച്ച് അവൾക്ക് അറിവ് നൽകിയത്. കുട്ടിക്കാലത്ത് വഴിയിൽ കണ്ട നഗ്നപാദയായ ഒരു ഭിക്ഷാടക പെൺകുട്ടിക്ക് തന്റെ ബൂട്സ് ഊരി നൽകി, സ്വന്തം വീട്ടിലേക്ക് നഗ്നപാദയായി നടന്ന ഓർമയാണ് കാരുണ്യത്തിന്റെ ആദ്യപാഠമായി സാന്ദ്ര പങ്കുവെക്കുന്നത്.

പിന്നീട് സ്വിറ്റ്‌സർലൻഡിലും ദുബൈയിലും കോർപറേറ്റ് മേഖലയിൽ വൻ വിജയം കൈവരിച്ചപ്പോഴും, ലോകത്തിലെ അസമത്വങ്ങൾ അവരെ അസ്വസ്ഥയാക്കിയിരുന്നു. ‘വിജയം എനിക്ക് ആശ്വാസം നൽകി, പക്ഷേ ജീവിതത്തിനൊരു ലക്ഷ്യം നൽകിയില്ല’ എന്ന് സാന്ദ്ര ഓർക്കുന്നു. ഒടുവിൽ ജോലി രാജിവെച്ച്, വെറും രണ്ട് ഷർട്ടും രണ്ട് ട്രൗസറും മാത്രമടങ്ങിയ ബാഗുമായി അവർ ഇന്ത്യയിലേക്ക് തിരിച്ചു.

ഇന്ത്യയിലെത്തിയ ആദ്യ നാളുകൾ സാന്ദ്രക്ക് എളുപ്പമായിരുന്നില്ല. വിമാനത്താവളത്തിൽ വെച്ച് പറ്റിക്കപ്പെടുകയും മോശം സാഹചര്യങ്ങളിൽ താമസിക്കേണ്ടി വരികയും ചെയ്തു. എന്നാൽ അതിനിടയിലും അപരിചിതരായ ഇന്ത്യക്കാർ കാട്ടിയ സ്നേഹവും അതിഥി സൽക്കാരവും അവരെ അത്ഭുതപ്പെടുത്തി. കാലക്രമേണ ഇന്ത്യ അവരുടെ സ്വന്തം വീടായി മാറി.

തുടക്കത്തിൽ തന്റെ സമ്പാദ്യം സന്നദ്ധ സംഘടനകൾക്ക് നൽകാനാണ് സാന്ദ്ര ആഗ്രഹിച്ചത്. എന്നാൽ വിവിധ എൻ.ജി.ഓകൾക്കൊപ്പം പ്രവർത്തിച്ചപ്പോൾ ധനവിനിയോഗത്തിലെ സുതാര്യതക്കുറവും യഥാർത്ഥ ആവശ്യങ്ങൾ തിരിച്ചറിയാതെയുള്ള പ്രവർത്തനങ്ങളും അവരെ നിരാശയാക്കി. ഇതോടെയാണ് സുതാര്യവും സുസ്ഥിരവുമായ, ജനങ്ങൾ നയിക്കുന്ന ഒരു പദ്ധതി ഗ്രാമീണ തലത്തിൽ ആരംഭിക്കാൻ അവർ തീരുമാനിച്ചത്. ദാരിദ്ര്യം കാരണം ആളുകൾ നഗരങ്ങളിലെ ചേരികളിലേക്ക് കുടിയേറുന്നത് തടയണമെങ്കിൽ ഗ്രാമങ്ങളിൽത്തന്നെ മാറ്റം വരണമെന്ന് അവർ ഉറപ്പിച്ചു.

തീവണ്ടി മാർഗ്ഗവും ബോട്ട് മാർഗ്ഗവും മണിക്കൂറുകൾ യാത്ര ചെയ്യേണ്ടി വരുന്ന പശ്ചിമ ബംഗാളിലെ ഒരു ഉൾനാടൻ ദ്വീപിലേക്കാണ് സാന്ദ്ര എത്തിച്ചേർന്നത്. അവിടെ സ്വന്തമായി ഉത്തരങ്ങളുമായി എത്തുന്നതിന് പകരം, ഗ്രാമീണരുടെ പ്രശ്നങ്ങൾ കേൾക്കാനാണ് അവർ തയ്യാറായത്.

ഒരു വിദേശി എന്ന നിലയിൽ ഗ്രാമീണരുടെ വിശ്വാസം നേടിയെടുക്കുക വലിയ വെല്ലുവിളിയായിരുന്നു. കുട്ടികൾ ചെമ്മീൻ മുട്ട ശേഖരിക്കാനും മറ്റ് ജോലികൾക്കും പോയി കുടുംബത്തെ സഹായിച്ചിരുന്ന സാഹചര്യത്തിൽ, അവരെ സ്കൂളിലേക്ക് അയക്കാൻ മാതാപിതാക്കൾ മടിച്ചു. ലോക്കൽ ടീമിന്റെ സഹായത്തോടെ വീടുകൾ തോറും കയറിയിറങ്ങി ബോധവൽക്കരണം നടത്തിയാണ് കുട്ടികളെ സ്കൂളിലെത്തിച്ചത്. കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസവും പോഷകാഹാരവും മികച്ച പരിചരണവും സ്കൂളിൽനിന്ന് ലഭിച്ചതോടെ ഗ്രാമീണരുടെ മനോഭാവം മാറി. ഇന്ന് അതേ സ്കൂളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കളുടെ വലിയ ക്യൂവാണ് ദൃശ്യമാകുന്നത്.

കഴിഞ്ഞ 15 വർഷമായി പ്രവർത്തിക്കുന്ന ഈ സൗജന്യ പ്രൈമറി സ്കൂൾ ഇന്ന് കേവലം അക്കാദമിക് വിദ്യാഭ്യാസത്തിൽ ഒതുങ്ങുന്നില്ല. ആ പ്രദേശത്തെ ബാലവിവാഹം, മനുഷ്യക്കടത്ത്, ഗാർഹിക പീഡനം എന്നിവക്കെതിരെയുള്ള ശക്തമായ പോരാട്ട കേന്ദ്രം കൂടിയാണിത്.

കുട്ടികൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് പ്രായത്തിനനുസരിച്ചുള്ള ബോധവൽക്കരണം നൽകുന്നു. ഇതിലൂടെ 100ലധികം യുവനേതാക്കളെ സ്കൂൾ വാർത്തെടുത്തു കഴിഞ്ഞു. ഇവരുടെ നേതൃത്വത്തിൽ 30 ഗ്രാമങ്ങളിലായി ഇരുപതിനായിരത്തോളം ആളുകളിലേക്ക് അവബോധം എത്തിക്കാൻ സാധിച്ചു. കൗമാരക്കാരായ ഈ വിദ്യാർഥികൾ സ്വന്തം നിലയിൽ ഇടപെട്ട് പല ബാലവിവാഹങ്ങളും തടയുകയും അധികൃതരെ വിവരമറിയിക്കുകയും ചെയ്യുന്നു എന്നത് പദ്ധതിയുടെ വലിയ വിജയമാണ്.

സ്വിറ്റ്‌സർലൻഡ് തനിക്ക് അച്ചടക്കവും ജോലിയിലെ കൃത്യതയും പഠിപ്പിച്ചപ്പോൾ, ഇന്ത്യ തന്നെ ഒരു മികച്ച മനുഷ്യനാക്കി മാറ്റിയെന്ന് സാന്ദ്ര പറയുന്നു. ക്ഷമ, സഹിഷ്ണുത, എളിമ, കാര്യങ്ങളെ അമിതമായി നിയന്ത്രിക്കാതെ വിട്ടുകൊടുക്കാനുള്ള മനോഭാവം എന്നിവ ഇന്ത്യയിൽനിന്നാണ് പഠിച്ചത്. പാവപ്പെട്ട ഗ്രാമങ്ങളെ വെറും ദാരിദ്ര്യത്തിന്റെ കണ്ണിലൂടെ മാത്രം കാണരുതെന്നും, നഗരങ്ങൾക്ക് നഷ്ടപ്പെട്ട പ്രകൃതിഭംഗിയും സമാധാനവും ഒത്തൊരുമയും അവിടെയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:educationWest BengalSwitzerlandvillageSwiss Woman
News Summary - Came to India with just 2 shirts and trousers, Swiss woman who left crores in luxury makes history in Bengal
Next Story