വനിതകളെ ‘പിഴച്ചവളെ’ന്നോ ‘വിശ്വാസ വഞ്ചകി’യെന്നോ വിശേഷിപ്പിക്കുന്നത് സ്ത്രീവിരുദ്ധം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വനിതകളെ ‘പിഴച്ചവളെ’ന്നോ ‘വിശ്വാസ വഞ്ചകി’യെന്നോ വിശേഷിപ്പിക്കുന്നത് സ്ത്രീവിരുദ്ധമെന്ന് സുപ്രീംകോടതി. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ധാർമികതക്കും ആദർശങ്ങൾക്കും വിരുദ്ധമാണ് ഇത്തരം പ്രയോഗങ്ങളെന്ന് കോടതി വ്യക്തമാക്കി. ബോംബെ ഹൈകോടതി ഉത്തരവിലെ പരാമർശങ്ങളെ വിമർച്ചുകൊണ്ടായിരുന്നു പരമോന്നത കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, അഹ്സനുദ്ദീൻ അമാനുല്ല, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ഫുൾ ബെഞ്ചിന്റേതാണ് നിരീക്ഷണം.
“ബോംബെ ഹൈകോടതി ഉത്തരവിൽ ഒരു വനിതയെ പിഴച്ചവളെന്നും, വിശ്വാസ വഞ്ചകിയെന്നും വിശേഷിപ്പിച്ചത് ദൗർഭാഗ്യകരമാണ്. ഇത് അനുചിതവും സ്ത്രീയുടെ അന്തസ്സിനെ ഹനിക്കുന്നതുമാണ്. എന്നാൽ ഹൈകോടതി പുരുഷനെ ഇത്തരത്തിൽ വിശേഷിപ്പിക്കുന്നില്ല. ഭരണഘടന അനുച്ഛേദം 21 പ്രകാരം ഏതൊരു പൗരനും അന്തസ്സോടെ ജീവിക്കുക എന്നത് മൗലികാവകാശമാണ്. ഈ പ്രയോഗങ്ങൾ മൗലികാവകാശം ലംഘിക്കുന്നതാണ്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ധാർമികതക്കും ആദർശങ്ങൾക്കും വിരുദ്ധമാണ് ഇത്തരം പ്രയോഗങ്ങൾ” -കോടതി വ്യക്തമാക്കി.
വിവാഹമോചന കേസിൽ കക്ഷിയായ സ്ത്രീയെ പരാമർശിക്കുമ്പോൾ അത്തരം വിശേഷണങ്ങൾ പാടില്ലെന്നും കോടതി പറഞ്ഞു. 1955ലെ ഹിന്ദു വിവാഹ നിയമത്തിലെ 24, 25 വകുപ്പുകളുടെ പ്രായോഗികത സംബന്ധിച്ച കേസിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി. വിവാഹമോചന സമയത്ത് ഭാര്യക്ക് ജീവനാംശം നൽകുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളാണിവ. കേസ് തുടർവാദത്തിനായി പിന്നീട് പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

