വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ്: മഹുവ മൊയ്ത്രയുടെ ഇടക്കാല ആശ്വാസം നീട്ടി കൽക്കട്ട ഹൈകോടതി
text_fieldsമഹുവ മൊയ്ത്ര
കൊൽക്കത്ത: വിദ്വേഷ പ്രസംഗ ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് ആശ്വാസം. അറസ്റ്റ് അടക്കമുള്ള കടുത്ത നടപടികൾ പാടില്ലെന്ന മുൻ ഉത്തരവ് 2027 ജനുവരി 29 വരെ കൽക്കട്ട ഹൈകോടതി നീട്ടി. ജസ്റ്റിസ് സൗഗത ഭട്ടാചാര്യയുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസിൽ അടുത്ത വിചാരണ 2027 ജനുവരി 13-ന് നടക്കും.
നാദിയ ജില്ലയിലെ ഹൊഗൽബേരിയ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൃഷ്ണനഗർ എം.പിയായ മഹുവ മൊയ്ത്ര ഹൈകോടതിയെ സമീപിച്ചത്. രാഷ്ട്രീയ പ്രേരിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് അവർ ഹരജിയിൽ വ്യക്തമാക്കിയിരുന്നു.
കേസ് പരിഗണിച്ച വേളയിൽ പശ്ചിമ ബംഗാൾ അഡ്വക്കറ്റ് ജനറൽ സുരോജിത് നാഥ് മിത്ര സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കോടതിയുടെ മുൻ ഉത്തരവ് പാലിച്ച് ആഗസ്റ്റ് 14-ന് മഹുവ മൊയ്ത്ര ഹൊഗൽബേരിയ പോലീസ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ നേരിട്ട് ഹാജരായെന്ന് അദ്ദേഹം അറിയിച്ചു. ചോദ്യം ചെയ്യലിനോട് എം.പി പൂർണമായി സഹകരിച്ചുവെന്നും കേസിലെ അന്വേഷണം തുടരുകയാണെന്നും എ.ജി കോടതിയെ ബോധിപ്പിച്ചു.
സ്വന്തം മണ്ഡലമായ കൃഷ്ണനഗറിലെ സന്ദർശന വേളകളിൽ രാഷ്ട്രീയ എതിരാളികൾ നിരന്തരം സംഘം ചേർന്ന് മുട്ടയെറിയുന്ന സാഹചര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി നേരത്തെ മഹുവ മൊയ്ത്ര കോടതിയിൽ സുരക്ഷാ ആശങ്കകൾ ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ജൂലൈ 21-ന് കേസ് പരിഗണിച്ചപ്പോൾ, ആഗസ്റ്റ് 14-ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയോടെ ഒക്ടോബർ 5 വരെയാണ് കോടതി കടുത്ത നടപടികൾക്ക് സ്റ്റേ അനുവദിച്ചിരുന്നത്. ഒപ്പം ചോദ്യം ചെയ്യലിന് ഹാജരാകുമ്പോൾ മുട്ടയേറ് പോലുള്ള ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ സുരക്ഷ നൽകാൻ പോലീസിനോട് കോടതി നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഈ വ്യവസ്ഥകൾ പാലിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഇടക്കാല സംരക്ഷണം ജനുവരി 29 വരെ നീട്ടിനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

