സിംഹങ്ങൾക്ക് സീത, അക്ബർ എന്ന് പേരിട്ടത് ശരിയായില്ല; പേര് മാറ്റണമെന്നും കൽക്കട്ട ഹൈകോടതി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ സിലിഗുരി സഫാരി പാർക്കിലെ സിംഹങ്ങൾക്ക് അക്ബർ, സീത എന്ന് പേരിട്ടത് ശരിയായില്ലെന്ന് കൽക്കട്ട ഹൈകോടതി. വിവാദങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു. സിംഹങ്ങൾക്ക് മറ്റെന്തെങ്കിലും പേര് നൽകണമെന്നും കോടതി നിരീക്ഷിച്ചു.
മൃഗങ്ങൾക്ക് ദൈവത്തിന്‍റെ പേരാണോ ഇടുന്നതെന്നും സിംഹങ്ങൾക്ക് ദേശീയ നായകന്മാരുടെ പേര് നൽകുമോയെന്നും കോടതി ചോദിച്ചു. എന്നാല്‍ സിംഹങ്ങള്‍ക്ക് ഈ പേരുകൾ നൽകിയത് ത്രിപുരയാണെന്ന് ബംഗാള്‍ സർക്കാർ കോടതിയെ അറിയിച്ചു. ഇതിന്‍റെ രേഖകളും ഹാജരാക്കി. സിംഹങ്ങളുടെ പേര് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.
സിലിഗുരി സഫാരി പാർക്കിലെ അക്ബർ-സീത സിംഹങ്ങളുടെ പേരിനെ ചൊല്ലിയാണ് വിവാദം തുടങ്ങുന്നത്. അക്ബറിനെ സീത എന്ന സിംഹത്തോടൊപ്പം താമസിപ്പിക്കാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വ ഹിന്ദു പരിഷത് രംഗത്തെത്തുകയായിരുന്നു. സംസ്ഥാന വനം വകുപ്പാണ് ഇവർക്ക് പേരിട്ടതെന്നും മുസ്ലിം നാമധാരിയായ അക്ബറിനെ സീതയോടൊപ്പം താമസിപ്പിക്കുന്നത് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് വി.എച്ച്.പി ഹൈകോടതിയെ സമീപിച്ചത്.
സംസ്ഥാന വനം വകുപ്പിനെയും സഫാരി പാർക്ക് അധികൃതരെയും എതിർ കക്ഷികളാക്കി കൽക്കട്ട ഹൈകോടതിയുടെ ജൽപായ്ഗുരിയിലെ സർക്യൂട്ട് ബെഞ്ചിലാണ് ഹരജി സമർപ്പിച്ചത്. ഫെബ്രുവരി 13ന് ത്രിപുരയിലെ സെപാഹിജാല സുവോളജിക്കൽ പാർക്കിൽനിന്നാണ് രണ്ട് സിംഹങ്ങളെയും കൊണ്ടുവന്നത്. ഇവരുടെ പേര് നേരത്തെ തന്നെ സീതയും അക്ബറും ആയിരുന്നുവെന്നും തങ്ങൾ അത് മാറ്റിയിട്ടില്ലെന്നും ബംഗാൾ വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

