ജൽജീവൻ മിഷനിൽ സംസ്ഥാനതല ഓഡിറ്റുമായി സി.എ.ജി
text_fieldsന്യൂഡൽഹി: ഗ്രാമീണ മേഖലയിൽ കുടിവെള്ള ലഭ്യത ഉറപ്പുവരുത്താൻ ലക്ഷ്യമിടുന്ന ജൽജീവൻ പദ്ധതിയിൽ (ജെ.ജെ.എം) ഓഡിറ്റുമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ (സി.എ.ജി). സംസ്ഥാന, മേഖല തലങ്ങളിൽ 2019-20 സാമ്പത്തിക വർഷം മുതൽ 2023-24 വരെ ജെ.ജെ.എം നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഓഡിറ്റ് ചെയ്തുവരുകയാണെന്ന് അധികൃതർ പറഞ്ഞു. പദ്ധതിയെ ഓഡിറ്റ് പരിധിയിൽ ഒന്നര വർഷം മുമ്പാണ് ഉൾപ്പെടുത്തിയത്.
കേരളമടക്കം സംസ്ഥാനങ്ങളിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽമാരുടെയോ (പി.എ.ജി) അക്കൗണ്ടന്റ്സ് ജനറൽമാരുടെയോ (എ.ജി) നേതൃത്വത്തിലുള്ള പ്രാദേശിക ഓഫിസുകൾ വഴിയാണ് ഓഡിറ്റ് നടത്തുന്നത്. മിക്ക സംസ്ഥാനങ്ങളിലും വിവരശേഖരണമടക്കം നടപടികൾ പൂർത്തിയായിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളുടെ റിപ്പോർട്ടുകൾ ഇതിനകം സി.എ.ജി ആസ്ഥാനത്ത് എത്തിയതായും അധികൃതർ പറഞ്ഞു. നടപടികൾ പൂർത്തിയാക്കിയ റിപ്പോർട്ടുകൾ അതത് സംസ്ഥാനങ്ങളുടെ നിയമസഭയിൽ സമർപ്പിക്കും.
പദ്ധതി നിർവഹണം സംസ്ഥാന തലത്തിലായതുകൊണ്ടാണ് വികേന്ദ്രീകൃത മാതൃകയിൽ ഓഡിറ്റ് നടത്തുന്നത്. ആസൂത്രണം, സാമ്പത്തിക നിർവഹണം എന്നിങ്ങനെ പദ്ധതിയുടെ വിവിധ തലങ്ങൾ ഓഡിറ്റിന് വിധേയമാക്കും. 2023ൽ ടെൻഡർ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതിനുപിന്നാലെ, പദ്ധതി ചെലവുകൾ കുത്തനെ ഉയർന്നതായാണ് കണക്കുകൾ. മേയ് 21 ന്, ലഭ്യമായ വിവരമനുസരിച്ച് വിവിധ സംസ്ഥാനങ്ങളിലായി 14,586 പദ്ധതികൾക്ക് ആകെ 16,839 കോടി രൂപയാണ് ചെലവഴിച്ചത്.
ഇത് മുമ്പ് കണക്കാക്കിയതിനേക്കാൾ 14.58 ശതമാനം അധികമാണ്. ചില സംസ്ഥാനങ്ങളിൽ പദ്ധതിചെലവിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ട്. ഇതും പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. തുടക്കത്തിൽ, 2.08 ലക്ഷം കോടി കേന്ദ്രവിഹിതവും 1.52 ലക്ഷം കോടി സംസ്ഥാന വിഹിതവുമടക്കം 3.6 ലക്ഷം കോടിയാണ് പദ്ധതിക്കായി നീക്കിവെച്ചത്. എന്നാൽ, 2019 മുതൽ ഇതുവരെ 8.29 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി. ജലശക്തി മന്ത്രാലയം 2.79 ലക്ഷം കോടി രൂപയുടെ അധിക ധനസഹായം ആവശ്യപ്പെട്ടെങ്കിലും 1.51 ലക്ഷം കോടിക്ക് മാത്രമാണ് അനുമതിയായത്.
ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ (എൻ.ആർ.ഡി.ഡബ്ല്യു.പി) ജെ.എം.എമ്മുമായി 2019ൽ സംയോജിപ്പിച്ച ശേഷം നടക്കുന്ന ആദ്യ ഓഡിറ്റാണിത്. മേയ് എട്ടിന് കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗം പദ്ധതി നിർവഹണം നേരിട്ട് വിലയിരുത്താനായി ഉദ്യോഗസ്ഥ സംഘങ്ങളെ വിന്യസിക്കാൻ തീരുമാനിച്ചിരുന്നു.
ഇത്തരത്തിൽ രാജ്യവ്യാപകമായി കേന്ദ്ര നോഡൽ ഓഫിസർമാരുടെ (സി.എൻ.ഒ) 100ലധികം സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (എം.ജി.എൻ.ആർ.ഇ.ജി.എസ്) ഓഡിറ്റിങ്ങും സമാന രീതിയിൽ പുരോഗമിക്കുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ 2013ലാണ് അവസാനമായി ദേശീയതല സി.എ.ജി ഓഡിറ്റ് നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

