രാജസ്ഥാനിൽ മന്ത്രിസഭ പുനഃസംഘടന ഉടൻ
text_fieldsജയ്പൂർ: സചിൻ പൈലറ്റിനെയും അനുയായികളെയും ഉൾപ്പെടുത്തി രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിെൻറ മന്ത്രിസഭ പുനഃസംഘടനക്ക് വഴിയൊരുങ്ങി. ദിവസങ്ങൾക്കുള്ളിൽ പുനഃസംഘടനയുണ്ടാകുമെന്നാണ് സൂചന. തീരുമാനം ഹൈകമാൻഡിനു വിട്ടതായി എം.എൽ.എമാരും പാർട്ടി ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയശേഷം എ.ഐ.സി.സി ജനറൽ സെക്രട്ടറി അജയ് മാക്കൻ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾ തമ്മിൽ തർക്കമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിലെത്തിയ മാക്കനോടൊപ്പം സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ശനിയാഴ്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി ചർച്ച നടത്തി. കഴിഞ്ഞ വർഷം ജൂലൈയിൽ പാർട്ടിയിൽ കലാപക്കൊടി ഉയർത്തിയ മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷപദവിയിൽനിന്നും നീക്കിയിരുന്നു. മൂന്നംഗ സമിതിയെ നിയോഗിച്ചാണ് ഒരുമാസം നീണ്ട രാഷ്ട്രീയ പ്രതിസന്ധി ഹൈകമാൻഡ് പരിഹരിച്ചത്. പാർട്ടി സചിൻ പൈലറ്റിന് നൽകിയ വാഗ്ദാനം പാലിക്കണമെന്ന് അദ്ദേഹത്തോടൊപ്പമുള്ള എം.എൽ.എമാർ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെ രാജസ്ഥാനിൽ 21 മന്ത്രിമാരാണുള്ളത്. ഒമ്പത് മന്ത്രിപദവി ഒഴിഞ്ഞുകിടക്കുകയാണ്. സംസ്ഥാനത്ത് 30 മന്ത്രിമാർ വരെയാകാം. പഞ്ചാബ് കോൺഗ്രസിലെ അമരീന്ദർ, സിദ്ദു പോര് പരിഹരിച്ചശേഷമാണ് ഹൈകമാൻഡ് രാജസ്ഥാനിലെ തർക്കം തീർക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

