Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കർണാടകയിൽ മന്ത്രിസഭ വികസനം നീളുന്നു; ഹൈകമാൻഡിന്റെ ‘ഫോൺ കോൾ’ മന്ത്രിമോഹികൾക്ക് തിരിച്ചടി

text_fields
bookmark_border
യാതൊരുവിധ സമ്മർദങ്ങൾക്കും വഴങ്ങരുതെന്നാണ് ഡി.കെ. ശിവകുമാറിന് നൽകിയ നിർദേശം
കർണാടകയിൽ മന്ത്രിസഭ വികസനം നീളുന്നു; ഹൈകമാൻഡിന്റെ ‘ഫോൺ കോൾ’ മന്ത്രിമോഹികൾക്ക് തിരിച്ചടി
cancel

ബംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാർ സർക്കാർ അധികാരത്തിൽ മൂന്നാഴ്ച പിന്നിട്ടിട്ടും മന്ത്രിസഭ വികസന ചർച്ചകൾ എങ്ങുമെത്തിയില്ല. എം.എൽ.എമാരുടെയും വിവിധ സമുദായ നേതാക്കളുടെയും ഭാഗത്തുനിന്ന് ശക്തമായ സമ്മർദം തുടരുന്നതിനിടെ, യാതൊരുവിധ സമ്മർദങ്ങൾക്കും വഴങ്ങരുതെന്ന് മുഖ്യമന്ത്രിക്ക് കോൺഗ്രസ് ഹൈകമാൻഡ് കർശന നിർദേശം നൽകി. മന്ത്രിസ്ഥാനങ്ങൾക്കായി ഗ്രൂപ്പുകളായോ കൂട്ടമായോ എത്തുന്ന നേതാക്കളെ കാണാൻ അനുവാദം നൽകരുതെന്നും പാർട്ടി നേതൃത്വം ഫോണിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു.

മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എം.എൽ.എമാരുടെ അനുയായികൾ പ്രതിഷേധപ്രകടനങ്ങൾ നടത്തുന്നതും മതമേലധ്യക്ഷന്മാരും മഠാധിപതികളും പരസ്യമായി രംഗത്തുവരുന്നതും പാർട്ടിക്ക് വലിയരീതിയിൽ അപകീർത്തി ഉണ്ടാക്കുന്നുണ്ടെന്നാണ് ഹൈകമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ, വിഷയം പാർട്ടിയുടെ പരിഗണനയിലുണ്ടെന്നും അനുയോജ്യ സമയത്ത് തീരുമാനമെടുക്കുമെന്നും നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ മൂന്നിനാണ് നേതൃമാറ്റത്തിന്റെ ഭാഗമായി ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. നിലവിൽ മുഖ്യമന്ത്രി ഉൾപ്പെടെ 14 പേർ മാത്രമാണ് മന്ത്രിസഭയിലുള്ളത്. പരമാവധി 34 അംഗങ്ങളെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കും.

ജൂൺ 18 ന് നടന്ന നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ വികസനം ഉണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും രാഹുൽ ഗാന്ധിയുടെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി പിന്നെയും നീണ്ടുപോയി. ഉപരിസഭയായ കൗൺസിലിൽ നിന്നുള്ളവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

അതേസമയം, മന്ത്രിസഭ വികസനം അങ്ങേയറ്റം സങ്കീർണമായ അവസ്ഥയിലാണെന്ന് ശിവകുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്ന എം.എൽ.സി സലീം അഹമ്മദിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കർണാടക സുന്നി മഷായിഖ് കൗൺസിൽ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടിരുന്നു. വൊക്കലിഗ, ലിംഗായത്ത്, ക്രിസ്ത്യൻ, ലംബാനി, മറാഠ വിഭാഗങ്ങൾ തങ്ങളുടെ നേതാക്കൾക്കായി സമാന ആവശ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. ഹൈകമാൻഡ് നൽകുന്ന പട്ടിക നടപ്പാക്കുക മാത്രമാണ് തന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിലെ മന്ത്രിസഭയിൽ യു.ടി. ഖാദർ മാത്രമാണ് ഏക മുസ്‍ലിം പ്രതിനിധി. പുതുതായി റിസ്‌വാൻ അർഷാദ്, തൻവീർ സേട്ട്, സമീർ അഹമ്മദ് ഖാൻ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര സിദ്ധരാമയ്യ മാത്രമാണ് ഇപ്പോൾ മന്ത്രിസഭയിലുള്ള ഏക എം.എൽ.സി (കൗൺസിൽ അംഗം). ഇനിയും എത്ര കൗൺസിൽ അംഗങ്ങളെ മന്ത്രിമാരാക്കണം എന്നതിലും പാർട്ടിയിൽ ആശയക്കുഴപ്പമുണ്ട്.

മുൻ സിദ്ധരാമയ്യ സർക്കാറിൽ മന്ത്രിമാരായിരുന്ന എച്ച്.കെ. പാട്ടീൽ, ഡോ. എച്ച്.സി. മഹാദേവപ്പ, ദിനേശ് ഗുണ്ടുറാവു തുടങ്ങിയ മുതിർന്ന നേതാക്കൾ വീണ്ടും മന്ത്രിസഭയിലെത്താൻ ശ്രമിക്കുന്നു. ഒപ്പം പുതുമുഖങ്ങളും സമ്മർദതന്ത്രവുമായി രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cabinet expansion: 'Don't entertain lobbying of any kind': Congress top brass tells CM D K Shivakumar
Next Story