ന്യൂഡൽഹി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയവും യു.എ.ഇയുടെ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രവും തമ്മിലുണ്ടാക്കിയ ശാസ്ത്ര-സാങ്കേതിക രംഗത്തെ സഹകരണം സംബന്ധിച്ച ധാരണപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകാരം നല്കി.
കാലാവസ്ഥ, ഭൂകമ്പശാസ്ത്രം, സമുദ്രസേവനങ്ങള്‍ എന്നിവ സംബന്ധിച്ച വൈജ്ഞാനിക വിവരങ്ങള്‍, റഡാറുകള്‍, ഉപഗ്രഹങ്ങള്‍, വേലിയേറ്റം അളക്കുന്ന ഉപകരണങ്ങള്‍, ഭൂകമ്പം-കാലാവസ്ഥ എന്നിവ നിരീക്ഷിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയവയുടെ വിവരകൈമാറ്റത്തിനാണ് കരാർ.
കാലാവസ്ഥ സംബന്ധിയായ വിവരങ്ങളുടെ സേവനം, ഉപഗ്രഹ ഡേറ്റയുടെ വിനിയോഗം, ചുഴലിക്കാറ്റ് പ്രവചനം എന്നീ മേഖലകളില്‍ ഗവേഷണം, പരിശീലനം, കൂടിയാലോചന എന്നിവക്കായി ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, വിദഗ്ധര്‍ തുടങ്ങിയവര്‍ക്ക് ഇരു രാജ്യങ്ങളും സന്ദര്‍ശിച്ച് അനുഭവങ്ങള്‍ കൈമാറാം. ഇതിനായി ഉഭയകക്ഷി ശാസ്ത്ര-സാങ്കേതിക സെമിനാറുകള്‍, ശിൽപശാലകള്, സമ്മേളനങ്ങള്‍, പരിശീലന കോഴ്സുകള്‍ മുതലായവ സംഘടിപ്പിക്കാം.
സൂനാമി പ്രവചനത്തിനായി ഗവേഷണരംഗത്ത് സഹകരണം, അറബിക്കടലിലും ഒമാന്‍ കടലിലും സൂനാമി തിരകളുടെ ശക്തി നിരീക്ഷിക്കല്‍, ഇന്ത്യയുടെ തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലും യു.എ.ഇയുടെ വടക്കന്‍ ഭാഗങ്ങളിലും സ്ഥിതിചെയ്യുന്ന ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങളില്‍നിന്നുള്ള ഡേറ്റയുടെ തത്സമയ പങ്കിടല്‍, പൊടിക്കാറ്റുകളുടെ മുന്നറിയിപ്പ് വിവരം പങ്കിടല്‍ എന്നിവയും ധാരണപത്രത്തിലുൾപ്പെടും.