വയോധികയുടെ സ്വർണമാല കവർന്ന ഡ്രൈവറെ പ്രദേശവാസികൾ അടിച്ചുകൊന്നു
text_fieldsബെംഗളൂരു: വയോധികയുടെ മാലപൊട്ടിച്ച കാബ് ഡ്രൈവറെ പ്രദേശവാസികൾ അടിച്ചുകൊന്നു. മദനായകനഹള്ളിയിൽ ഞായറാഴ്ച ഉച്ചക്കാണ് സംഭവം. വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച ജി. മഹേഷാണ് (41) നിംഹാൻസിൽ ചികിത്സയിലിരിക്കേ മരിച്ചത്.
കാബ് ഡ്രൈവറായി ജോലി ചെയ്യുന്ന മഹേഷ് പ്രദേശത്ത് നിരവധി മാല മോഷണക്കേസുകളിൽ പ്രതിയായിരുന്നു. അതോടൊപ്പം ഒരു കൊലപാതക ശ്രമക്കേസിൽ കൂടി പ്രതിയായ ഇയാളെ അടുത്തിടെ ചൂതാട്ട കേസിന് സൂര്യ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച ഉച്ചക്ക് 12.30ന് ശാന്തമ്മ ചെറുമക്കൾക്കൊപ്പം തന്റെ കടയിലേക്ക് പോകുകയായിരുന്നു. ആ സമയത്താണ് സ്കൂട്ടറിലെത്തിയ മഹേഷ് മാലപൊട്ടിച്ചത്.
ശാന്തമ്മ ഒച്ച വെച്ചതോടെ സമീപത്തുള്ളവർ പ്രതിയെ പിടികൂടി മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ മർദ്ദിച്ച് അവശനാക്കിയ ശേഷമാണ് പൊലീസിൽ ഏൽപിച്ചത്. പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും ഇയാളെ നിംഹാൻസിലേക്ക് അയക്കുകയായിരുന്നു. രാത്രിയോെട മരിച്ചു. പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരെ പൊലീസ് പിടികൂടി.

